ചിങ്ങനിലാവ്….

:::::::::::::::::::::::::::::::

ചിങ്ങനിലാവൊരു
ചന്ദന തേരിലേറി
ചന്തമോടെന്നരികിൽ
വരുന്ന നേരം,
ചന്ദ്രികയാളൊരു
പാൽ മണം തൂകുന്ന
പൊന്നോണ നിലാവുമായ്
ഒരുങ്ങി നിന്നു,…
തുമ്പപ്പൂ ചൂടിയാ
പൊന്നിൻ പുലർക്കാലം
പഴയൊരോണക്കാല
കഥ പറഞ്ഞു…
കളിമണ്ണിൻ കവിതയിൽ
കനകാംബര വർണ്ണമോ-
ടവിരാമം വാഴുന്ന തമ്പുരാനും,
കനകത്തിൻ ഋതു ശോഭ,
യണിയുന്ന നെയ്ത്തിരിനാളമായീ,
പുലർവേള ജ്വലിച്ചു നിന്നു…
പുത്തനാംകോടിയണിഞ്ഞും
കൊണ്ടോരോരോ,
മുഗ്ധമാംകാഴ്ച്ചകൾ
കണ്ടു നിൽക്കേ,
മുറ്റത്ത് നിൽക്കുന്ന
തുമ്പയും തുളസിയും,
തെച്ചിയും മുക്കുറ്റി മന്ദാര
പൂക്കളും ചേർന്നാ,
പൊന്നോണത്തപ്പന് കോടി ചുറ്റി…
അരിമാവിൻ കോലത്തി-
ലെഴുന്നള്ളും ഭഗവാനെ
ആർപ്പുവിളികളായ് സ്വീകരിക്കേ,
പൊന്നിൻ കതിർക്കുല
ചൂടിയതിരുവോണ,
സദ്യയതായ് പിന്നെ സ്വാദേറെയായ്….
ഇലയിട്ടു വിളമ്പിയ
തുമ്പപൂ ചോറും സാമ്പാറുമച്ചാറും
പച്ചടി കിച്ചടി കാളന്‍ ഓലനും
തോരനും അവിയലും
പപ്പടം പഴം പായസമുപ്പേരിയു,
മിങ്ങനെയോണ വിഭവങ്ങളേറെ
ചേർന്നൊരാ ഓണസദ്യയേറെ ഗംഭീരമായ്.
പിന്നെയാ,ഓണ വെയിലിൻ
ചോട്ടിലൊരിത്തിരി നേരം
ഓണക്കോടിയും ചുറ്റി നടന്നനാൾ…
നന്മകളേറെ നിറഞ്ഞ നാൾ,
ശാന്തി സമാധാന
സമ്പത് സമൃദ്ധിയും
സന്തോഷമേറെ കൈവന്ന നാളുകൾ…
::::::::::::::::::::::::::::::::::::::::::::::::::::::::::::::

ചിങ്ങനിലാവ്…. (അമല്‍ദേവ് പി.ഡി)
http://mizhipakarppukal.blogspot.in/2015/…/blog-post_16.html

thumba

ചിങ്ങനിലാവ്…. (അമല്‍ദേവ് പി.ഡി)
http://mizhipakarppukal.blogspot.

Advertisements

ചിറകറ്റഓര്‍മ്മകള്‍…

നിറമണിയുമീയാകാശ,ച്ചെരുവിലായ്

നിണമൊഴുകും ചക്രവാളശോഭയില്‍,

പറന്നെത്തുമെന്‍റെ പ്രണയത്തിന്‍

പാഴ്ശ്രുതി മീട്ടുന്ന ഓര്‍മ്മകള്‍…

ഇനിയീപാഴ്മരുഭൂവിന്‍റെ

പ്രിയമാം കണ്‍കോണിലെവിടെയോ

മുളപൊട്ടുമീറന്‍ കിനാവുപോല്‍

തെളിയുന്നു നിന്‍റെയോര്‍മ്മകള്‍…

ചിറകറ്റുപായുന്ന ജന്മത്തിന്‍

ചിതയില്‍ വെന്തുരുകുന്ന മോഹങ്ങള്‍

പാഴ്നിലം തേടിയലഞ്ഞെന്നാല്‍

മുളപൊട്ടുമാ,ജന്മവിത്തുകള്‍…

നിധികാക്കുമസ്തമയ സൂര്യനായ്

ഇരുളാണ്ടവഴികളിലാകവേ

നിലതെറ്റിയിടറിവീഴുന്ന

വെള്ളിനൂലിഴപോലെന്‍റെ,യോര്‍മ്മകള്‍…

പലതുണ്ടുമണ്ണില്‍ മുളയ്ക്കുവാന്‍

പ്രിയമാര്‍ന്ന സ്വപ്നങ്ങളൊക്കെയും

പിരിയുന്നനേരത്തു ചൊല്ലിയ,

പുനര്‍ജനിയിലൂഴ്ന്ന ജന്മങ്ങളായ്.

തെളിയും എണ്ണത്തിരിയായ്

തീരുമപ്രാണസ്വരൂപം

കരിയായ് ധൂമമായ്

ജന്മാന്തരങ്ങളൊന്നായൊഴിയവേ…

:::::::::::::::::::::::::::::::::::::::::::::::::::::::::::::

ചിറകറ്റഓര്‍മ്മകള്‍…   (അമല്‍ദേവ്.പി.ഡി)

photo courtesy:- Google

12345

http://www.facebook.com/amaldevpd

http://www.facebook.com/blankpage.entekavithakal

http://www.mizhipakarppukal.blogspot.in

amaldevpd@gmail.com

മുല്ല പൂക്കുന്ന തെരുവ്…

::::::::::::::::::::::

അര പട്ടിണി
ഉടയാടയഴിക്കുന്ന
ആര്‍ദ്രതയെപ്പുല്‍കുന്ന ഗന്ധം.
മിഴിക്കുമ്പിളില്‍
നിറകുടം തൂവുന്ന
മിഴിനീര്‍കണമാണ് സ്‌നേഹം.
നീര്‍തെറ്റി തെറിച്ച
പ്രണയശിഖിരങ്ങളിലുടക്കിയ
തൂവെള്ള വസ്ത്രങ്ങളില്‍
തൂവിയ രക്തതുള്ളികള്‍ പോലെ
തിക്തമായ അവളുടെ ഭാഷയെ
ഒരു മുല്ല വിരിയുന്നതിനോടു
പമിക്കു രാത്രികള്‍…
കാലം തേര്‍തെളിച്ച
യൗവനയുക്തമായ യാത്രയില്‍
ശിരോവസ്ത്രമിട്ട നാണക്കാരി,
തെല്ലൊന്നു മാറിനടന്ന വേളയില്‍
അവളെപ്പൊതിഞ്ഞത്
മൂര്‍ച്ചയേറിയ കറുത്ത കണ്ണുകളായിരുന്നു.
ഉള്ളില്‍ മയങ്ങുന്ന നഗ്നതയെ
ഉള്‍ക്കണ്ണുകൊണ്ടവള്‍ അളന്നെടുത്തു.
മറച്ചു വച്ച സ്വകാര്യതകളില്‍
ഒരു പണത്തുക്കം എറിഞ്ഞുകൊടുത്തു.
കറുത്ത കയ്യാമങ്ങള്‍
അവളുടെ മേനിയഴകിനെ അളന്നുതിട്ടപ്പെടുത്തി,
അവളെയവര്‍ ഒരു തെരുവുവേശ്യയാക്കി…
മണിയറകളിലവള്‍ക്കായ്
മുല്ലപന്തലുകളൊരുങ്ങി,
ചന്തമേറുന്ന മുടയഴകില്‍
അവള്‍ക്കായ് മുല്ലമാലകളൊരുങ്ങി,
കനം വച്ച രാത്രികളില്‍
രതിയുടെ ലഹരി നുണഞ്ഞു
നിലാവിനെ വെറുക്കുന്ന കണ്ണുകളുമായി
ഇരുട്ടവളെ വാരിപ്പുണര്‍ന്നിരുന്നു.
അളന്നുവച്ച മേനിയിലൊതുങ്ങുന്ന
പണക്കിഴികളില്‍
അവളുടെ ഉടയാട അഴിഞ്ഞു വീണിരുന്നു.
സായം സന്ധ്യയുടെ ചെരുവുകളില്‍
മുല്ല പൂത്ത ഗന്ധമോടവള്‍
ഒഴുകിനടന്നു…
രാത്രിയുടെ കൂര്‍ത്ത കുന്തമുനകളാലേറ്റ
മുറിപ്പാടുകളില്‍ നിന്നുതിര്‍ന്ന
രക്തതുള്ളികളില്‍ തീരുന്ന കച്ചവടക്കോണില്‍
മറച്ചുവച്ച വേദനയിലൊഴുകുന്ന
മിഴിനീര്‍കണത്തിലുറങ്ങുന്ന,
സ്‌നേഹനൊമ്പരത്തെ ഊട്ടിയുറക്കുന്ന
തെരുവിനെയവളേറെ സ്‌നേഹിച്ചിരുന്നു…

:::::::::::::::::::::::::::::::::::::::::::::::::::::::
കവിത –   മുല്ല പൂക്കുന്ന തെരുവ്… (അമല്‍ദേവ് . പി .ഡി)

http://www.facebook.com/amaldevpd

http://www.facebook.com/blankpage.entekavithakal

ഇന്നെന്‍റെ പ്രണയം നിന്നോടാണ്…

ഇന്നെന്‍റെ പ്രണയം നിന്നോടാണ്…
നീ തന്ന ലഹരിയോടാണ്…
നിന്നിലുറഞ്ഞു കിടക്കുന്ന ചപല മോഹങ്ങളോടാണ്…
മടുപ്പിക്കുന്ന ലഹരി പകരുന്ന കടുത്ത ഭ്രാന്ത്…
ഈ  പകലിനെ ഭയക്കുന്ന നിന്‍റെ കണ്ണുകളോടാണ്…

http://mizhipakarppukal.blogspot.in/2015/08/blog-post_5.html

മധുരം നുണയുന്ന ഓര്‍മ്മകള്‍

മധുരമാമോര്‍മ്മകള്‍ മുട്ടിവിളിക്കുന്ന
മഴമുകിലൊരു വര്‍ണ്ണ കുടനിവര്‍ത്തി,
മഴയില്‍ കുളിച്ചൊരാ ബാല്യമതോര്‍മ്മയില്‍
നനയുന്നു പിന്നെയും കണ്‍തടങ്ങള്‍…
പെയ്തൊഴിയും മഴയും മഴക്കാലവും
മഴ തന്ന നിമിഷവും, തളിരിടും മോഹവും
സ്വപ്നങ്ങളും പിന്നെ നോവിന്‍ ക്ഷതങ്ങളും
നരവന്നൊരോര്‍മ്മയും കുസൃതികളങ്ങളും
നുണയുന്നു ഞാനിന്നീയിടവഴി തന്നിലായ്
നടന്നകലുന്ന ബാല്യത്തിന്‍ നീറുന്നൊരോര്‍മ്മകള്‍…

തൊടിയിലെ വാടാമല്ലികള്‍ പൂത്തനാള്‍
ചെറുമഴ കൊണ്ടൊരു കളിയാടി നില്‍ക്കവേ
നാട്ടുമാഞ്ചില്ലയില്‍ കോര്‍ത്തൊരൂഞ്ഞാലയില്‍
ആടിടും ബാല്യത്തിന്‍ നഷ്ട്ടസ്വപ്നങ്ങളും.
കുസൃതിക്കളങ്ങളില്‍ കൈകോര്‍ത്തനേരവും
ഒന്നായിട്ടൊരുമഴ ചാലിലായ്
കടലാസു തോണിയിറക്കിയ നേരവും
പൊട്ടക്കുളത്തിലെ പരല്‍മീന്‍കുരുന്നിനെ
കുഞ്ഞുകൈകുമ്പിളില്‍ കോരിയെടുത്തതും,
പാടവരമ്പിലെ പച്ചതവളയും
തോട്ടിന്‍കരയിലെ പൊന്മാന്‍ കിളികളെ
പേടിച്ചൊളിക്കും പൊടിമീനിന്‍ കൂട്ടവും
വേനലില്‍ വറ്റിവരളുന്ന പുഴയുടെ മാറിലായ്
കളിയോടമെറിയുന്ന കുട്ടി കുസൃതിയും,..
കുഞ്ഞുകൈവെള്ളയിലാദ്യമായ് കിട്ടിയ
മൂവാണ്ടന്‍ മാങ്ങയും ഞാവല്‍ പഴങ്ങളും
പങ്കിട്ടെടുത്തൊരാ-ബാല്യകാലത്തിന്‍റെ
നന്മയും നേരും നിറയുന്ന നാളുകള്‍
പോയ്മറഞ്ഞീടുന്നു ഓര്‍മ്മകളായിന്ന്…

നാള്‍വഴി തോറും നിറയുന്ന നിസ്വാര്‍ത്ഥ
മോഹങ്ങളൊക്കെയും ചെമ്പിത്താതാളിലായ്
ചേര്‍ത്തു പിടിക്കുന്ന ബാല്യത്തിന്‍ ഓര്‍മ്മയില്‍
ചെറുമഴയൊരുപ്പെരുമഴയായി പെയ്യവേ,
മധുരം കിനിയുന്ന കുഞ്ഞുകവിള്‍തടം
പതിവായി കൊതിക്കുന്ന ഒരു കുഞ്ഞുചുംബനം.
ചെറുമഷി തണ്ടൊന്നൊടിച്ചു കൊണ്ടവള്‍ മെല്ലെ
ചെറുതായി ചിരിതൂകി അരികത്തുവന്നനാള്‍,
ചിതറിയ ഓര്‍മ്മകള്‍ക്കിടയില്‍ നിന്നൊരുകൊച്ചു
മധുരമാം ചുംബനമേകിയ നിമിഷവും…

പിന്നെയും മധുരമാം ഓര്‍മ്മകളോരോന്നായ്
പതിവായി വിരുന്നു വരുന്നൊരു നേരമായ്
അന്തിനിലാവിന് ചാരുതയേകിയ
കണ്‍ചിമ്മുമാതിരപ്പൂവിനെ തൊട്ടനാള്‍,
പ്രിയമൊരു ചെമ്പകപൂവിന്‍ സുഗന്ധമായ്‌
മഴയായ് കാറ്റായ് അരികില്‍ വരുന്നിതാ,
കളിവാക്കൊന്നോതിയാകുരുന്നു കിനാവിന്‍റെ
നിറമുള്ള കാഴ്ച്ചയില്‍ നിറയുന്നു ഞാനെന്നും
മഴമാറു മിടവേളയറിയാതെ മണ്ണില്‍
മഴവില്ലിന്‍ കൂടാരം പണിയുന്ന ബാല്യം
മധുരമാമാശകള്‍ പൂക്കുന്ന കാലം…

ഇനിയൊരു സ്വര്‍ഗ്ഗമില്ലില്ലയിവിടം
തിരികെയില്ലാത്തൊരാ ബാല്യത്തിന്‍ നന്മയും
പൂവിടും സ്വപ്‌നങ്ങള്‍തന്‍ കൊച്ചുഗേഹവും
തരളമൊരോര്‍മ്മയില്‍ ചിറകിലേറുന്നിതാ
മധുരം കിനിയുന്ന നിമിഷങ്ങളാകവേ,…

കവിത – മധുരം നുണയുന്ന ഓര്‍മ്മകള്‍… (അമല്‍ദേവ്.പി.ഡി)
https://www.facebook.com/amaldevpd.deva/notes
http://mizhipakarppukal.blogspot.in/2015/08/blog-post_2.html

123