തോറ്റുപോയ പ്രണയം

തോറ്റുപോയൊരു
പെണ്ണിന്റെ പ്രണയം
മരിച്ച ഞാൻ
കടം വാങ്ങി വെറുതെ,
ഞാനലിഞ്ഞ
മേഘ വഴികളിൽ
മറന്നു വച്ചു ഞാനാ –
ഹൃദയമെപ്പോഴോ…
പൊട്ടിയൊലിച്ച
പ്രണയച്ചലത്തിന്റെ
തിക്തമാം ദുർഗന്ധ,
മെന്നിൽ പടർത്തി
മുഗ്ദമാമനുരാഗ
തീർത്ഥങ്ങളാലൊരു
നഗ്നമാം ലഹരി
നുണയുന്ന പ്രേമത്തെ
നഷ്ട്ടമാം കൂട്ടിലടവച്ചൊരാൺകുയിൽ
തപ്തമാം രേണു പുൽകുന്നു നിത്യവും.
.
നിന്നെ പുൽകുവാനിന്നെന്റെ
കരങ്ങൾക്ക് ശക്തിയില്ല,
നിന്നെയോർക്കുവാനിന്നെന്റെ
ഓർമ്മകൾക്ക് ജീവനില്ല,
നിന്നെയറിയുവാനിന്നെന്റെ
മോഹങ്ങൾ ജനിച്ചിട്ടില്ല…
—————————
.
കവിത – തോറ്റുപോയ പ്രണയം
എഴുതിയത് – അമൽദേവ്.പി.ഡി
Advertisements

നഗരം

ഉറങ്ങാൻ വൈകുമേറെ –
യെന്നാലുമുണരുമേറെയാദ്യം.
തിളയ്ക്കും യൗവനപാത്രമതി,
ലെണ്ണ വറ്റും കിനാക്കുരുന്നുക –
ളോടി മറയും നിശാപ്പുൽ,
മെത്ത തേടുമാവർത്തനങ്ങളിൽ…

.
വിതയ്ക്കും മാറിലാരോ-
മലർ സ്വപ്നമാമിന്ദ്രജാല,
മൊഴുകും പ്രേമധാരപോലിരമ്പും
പകലൊന്നാഞ്ഞു നീങ്ങിടുന്നു.
വിരസം മൂകമൊരു വാക്കിനാൽ
കോർക്കുമലസം നീന്തി,
യകലും സാന്ധ്യശോഭയും…

.
തിരയും തിരതല്ലുമിടവേളയില്ലാ-
തിടയും പകൽവേഗമെല്ലാം
പതിയെ മടങ്ങിടുന്നു
തിരയടങ്ങാമാഴി പോലെ…
വളരും രതിവേഗ,
മിരുൾ ചൂടുമിടനാഴിയും
മിഴിചിമ്മി മാനത്ത്
കുട ചൂടുമഴകായി
നഗരാഭിരുചികൾ
വളരുന്ന നിമിഷവും.
ഉഷ്ണം വിതയ്ക്കുന്ന
മഴമേഘ കൂടാരം
തെരുവുകൾ താണ്ടുന്ന
മാനുഷകേതാരവും,
മിഴി ചിമ്മിയുണരുമ്പോൾ
പുതിയൊരു ലോകത്തിൻ
പുതുമകൾ നിറയുന്ന
സ്വപ്ന വേഗങ്ങളും.

.

.
രാത്രിപെയ്യുമാരണ്യ ശൃംഗങ്ങളിൽ
രാവുനീളെ കാത്തിരിപ്പൂ
രാഗമൊന്നായാലപിച്ചുകൊണ്ടാ-
തിരപ്പൂവിനെ തൊട്ടറിഞ്ഞു.
കനലെരിഞ്ഞമരുന്നു
കനവിന്റെ കവിതയിൽ
കതിർചൂടുമഭിലാഷ,
നഗരമൊരഴകായി
പതിരായി പകരുന്ന
പുതിയൊരു രീതിയെ,
പലവട്ടം പാടുന്നു
നഗരമൊരു നാരിയായ്…
———————-

കവിത – നഗരം
എഴുതിയത് – അമൽദേവ്.പി.ഡി

http://mizhipakarppukal.blogspot.in/2015/11/blog-post_26.html

images (2)

 

ഹൃദയധാര

ഇവിടെ കടം കൊണ്ട സ്വപ്നങ്ങളും
പിന്നെ, സ്മൃതിയിലായ് മറയുന്ന മനുഷ്യത്വവും മ
റപറ്റി മറവിതൻ ചിതൽ കൂടു പണിയുന്ന,
ചരിതമാണോമലേ ഹൃദയമെന്നും…
 .
പാടും പുഴവക്കിലൊരാനന്ദ കേളിയായ്
ഉണർത്തുന്നു പുതിയതാം മർമ്മരങ്ങൾ,
ഓളങ്ങളൊരുമിച്ചു ചേർന്നാ,ത്തിര പോലെ
എന്നെയും കൊണ്ടുപോമാഴങ്ങളിൽ.
 .
വിശ്രുത രാഗമാണോമലേ നിൻ പദം
സത്യമായെൻ മനം കൊതിച്ചിരുന്നു.
ഇനിയൊരു പുഴയുടെ ലളിതമാ,മലകളിൽ
കാണുമോ പ്രണയത്തി,നിലയനക്കം…
 .
നീളും കടൽ പോലെ,യാഴങ്ങളിൽ
മുള പൊട്ടും കതിരിന്നു നോവറിഞ്ഞു.
മാറുന്ന നവയുഗ മാറ്റത്തിൻ ധ്വനികളിൽ
ആ നെൽക്കതിരും പകച്ചു നിന്നു.
 .
തന്നിളം കതിരൊന്നു,ക്കൊത്തിപ്പെറുക്കുവാ-
നില്ലയോ പച്ച,പനന്തത്തയും
ചുണ്ടിൽ കൊരുത്തൊരാ മധുരമനോഹര,
ഗാനങ്ങളൊരുവേള കേട്ടില്ല ഞാൻ…
 .
കേൾക്കുന്നു ഭൂമി തുരന്നു കൊണ്ടാരോ,
തേടുന്ന മുജ്ജന്മ കല്ലുകളും.
മഴയില്ല മാനത്ത്, രതി കേളിയാടുന്ന
ഇടവത്തിൻ പെയ്ത്തും വഴിമറന്നു.
പൊള്ളുന്ന വെയിലിലും മരിക്കുന്ന ഭൂമിയെ
പിളർക്കുന്ന കോടാലി, യുണ്ടിവിടെ…
കാണുന്നു, പുഴകളും മലകളും നാടും
പ്രകൃതിതൻ സുന്ദര സൃഷ്ടികളും.
 .
മറയുന്നു കാലമാം വികൃതി കുടങ്ങളിൽ
ഒരു തുള്ളിയില്ല ദാഹജലം;
ഇനിയൊരു പ്രണയത്തിൻ തപ്തനിശ്വാസങ്ങൾ
എവിടെ കടം കൊള്ളു മാതിരേ നീ…?
 .
മഞ്ഞും മഴയും വസന്തവും വേനലും
ശ്രുതി തെറ്റിയെങ്ങോ കടന്നു പോയി,
മറവിതൻ മാറാല മൂടിയ മനസ്സിന്റെ
മാറാത്ത ഭാരമുറഞ്ഞിടുമ്പോൾ
 .
ഇവിടെ തപം കൊള്ളുമാർദ്ര മോഹങ്ങളും
പതിരടർന്നഴുകുന്ന കതിർ കുലയും,
ഒരു പ്രേമ സിന്ദൂരരേഖ പോലൊരു ദു:ഖ-
സായാഹ്ന മൊഴുകുന്നു വിശ്വമാകെ…
                               ******
 .
കവിത – ഹൃദയധാര
എഴുതിയത് – അമൽദേവ് പി.ഡി