Posted in യാത്രകൾ

”മഴയാത്ര”

”മഴക്കൊപ്പം മഴയൊച്ചതേടി കാടിന്റെ പച്ചപ്പിലൂടെ ഒരു യാത്ര. വന്യതയുടെ മുഖപടമണിഞ്ഞ അതിരപ്പിള്ളി വനമേഖലയിലെ വെള്ളച്ചാട്ടങ്ങളും ഡാമുകളും കണ്ട്, പിന്നെ മഴ നനഞ്ഞു കാടിന്റെ അഭൗമമായ സൗന്ദര്യവും അനുഭവവേദ്യമാക്കി ഒരു നടത്തം. മഴയാത്ര.”

way to athirappilly
way to athirappilly

മഴയെ ഇഷ്ട്ടപെടാത്തവർ ഇല്ല. അതുപോലെ മഴനനഞ്ഞു നടക്കാനും. അതു നമ്മുടെ നാട്ടിൻപുറങ്ങളിലെ വയൽവരന്പിലും, തോട്ടുവക്കത്തും എല്ലാം നമ്മുടെ കുട്ടികാലങ്ങളിൽ മാത്രമല്ല ഇപ്പോഴും നാം ആസ്വദിച്ചു വരുന്നു. അല്പം നനഞ്ഞാലും നല്ല ഒരു മഴയത്തു, ഒരു കുട ചൂടി നടക്കുന്പോൾ അതു നമ്മളിൽ ആനന്ദം നിറക്കുന്നു. ഇവിടെ കാടറിഞ്ഞു, ഇലകളെ തൊട്ട്, വന്യമൃഗങ്ങളെ കണ്ടും കൂട്ടുകൂടി നമുക്കും നടക്കാനിറങ്ങാം. വന്യതയുടെ ഉള്ളറകളിലേക്കുപെയ്തിറങ്ങുന്ന മഴയുടെ മനസ്സറിഞ്ഞു മഴക്കൊപ്പം നമുക്ക് നടക്കാം….

athirappillly
athirappillly

            മൺസൂൺ തുടങ്ങുന്പോഴാണ് മഴയാത്ര ആരംഭിക്കുന്നത്. തൃശ്ശൂർ ഡി.ടി.പി.സി ഒരുക്കുന്ന മഴയാത്ര രാവിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്‌ തുന്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ, ആനക്കയം, ഷോളയാർ ഡാം കണ്ടതിനു ശേഷം തിരികെ ചാലക്കുടിയിൽ വൈകീട്ടോടെ എത്തുന്ന തരത്തിൽ ഒരു ദിവസത്തെ യാത്രയായാണ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ ഡി.ടി.പി.സി സംഘടിപ്പിക്കുന്ന മഴയാത്രയിൽ ഇതിനോടകം തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പ്രകൃതി സ്നേഹികളായ നിരവധി വിനോദസഞ്ചാരികൾ പങ്കെടുത്തു കഴിഞ്ഞു. മൺസൂൺ ടുറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഡി.ടി.പി.സി മഴയാത്ര പ്രധാനമായും സംഘടിപ്പിക്കുന്നത്.

           രാവിലെ തന്നെ ചാലക്കുടിയിൽ നിന്നും പുറപ്പെടുന്ന യാത്രാസംഘം ആദ്യമെത്തുന്നത് ചിത്രശലഭങ്ങളുടെ ഉദ്യാനമെന്നു അറിയപ്പെടുന്ന തുന്പൂർമൂഴിയിലാണ്. ഇവിടെ യാത്രികർക്കായി ഡി.ടി.പി.സി പ്രഭാത ഭക്ഷണവും ഒരുക്കുന്നു. ഇവിടെ തരുന്ന പ്രഭാത ഭക്ഷണത്തിനും വ്യത്യസ്തതകളേറെ. പ്രധാനമായും ചക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടെത്തെ പ്രത്തേകത. ചക്കകുരു പൊടിച്ചുണ്ടാക്കിയ ചക്കപുട്ട് ആണ് അതിൽ സ്‌പെഷ്യൽ. കൂടാതെ ആവശ്യമുള്ളവർക്ക് ചക്കകൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങൾ ഇവിടെ നിന്നും വാങ്ങുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെവച്ചു യാത്രയിൽ അംഗമായിട്ടുള്ള എല്ലാവർക്കും ഡി.ടി.പി.സി ഒരു കുടയും കൊടുക്കുന്നു.

jack put
jack put

            പ്രഭാതഭക്ഷണത്തിനു ശേഷം തുന്പൂർമൂഴി ഉദ്യാനത്തിലെ ശ്രദ്ദേയമായ ഒരു ആകർഷണമായ തൂക്കുപാലത്തിലേക്കാണ് നമ്മൾ പോകുന്നത്. തൃശ്ശൂർ ജില്ലയേയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കാണ് എത്തുന്നത്. ചാലക്കുടി പുഴയുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും ആവോളം ആസ്വദിക്കുവാൻ ഈ തൂക്കുപാലം സഞ്ചാരികൾക്കു സഹായകമാണ്. ഏകദേശം ആയിരം പേർക്ക് ഒരേസമയം ഈ തൂക്കുപാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും. തൂക്കുപാലത്തിലൂടെയുള്ള നടത്തം തുന്പൂർമൂഴി ഉദ്യാനത്തിലെ വ്യൂ പോയിന്റും, മനോഹരമായ പാറക്കെട്ടുകൾ നിറഞ്ഞ പുഴയുടെ മനോഹാരിതയും കാടിന്റെ സൗന്ദര്യവും ആവോളം ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.

44444

തുടർന്നു ഉദ്യാനത്തിലെ പ്രധാന ആകർഷണമായ ശലഭോദ്യാനത്തിലേക്കാണ് പോകുന്നത്. പൂച്ചെടികളിൽ നിന്നും വർണ്ണയിതളുകൾ പറന്നു പോകുന്നത് പോലെയാണ് ഇവിടെ ചിത്രശലഭങ്ങളെ കാണുന്നത്. സഞ്ചാരികൾക്കു വിസ്മയവും ആനന്ദവും പകരുന്ന ശലഭകാഴ്ച്ച മനോഹരമാണ്. ഏകദേശം 148 – ലധികം വരുന്ന വിവിധതരം ചിത്രശലഭങ്ങളുടെ കൂട്ടത്തെ ഇവിടെ നമുക്ക് കാണാം. ചിതശലഭങ്ങൾക്ക് അനോയോച്യമായ വാസസ്ഥലമൊരുക്കി ഇവിടെ സംരക്ഷിക്കുന്നു. സഞ്ചാരികൾക്കു കൗതുകം നിറഞ്ഞ കാഴ്ച്ചയാണ് ഈ ശലഭോദ്യാനത്തിൽ നിന്നും ലഭിക്കുന്നത്.

butterfly

thumboormoozhi
thumboormoozhi

തുടർന്നു വ്യൂ പോയിന്റിൽ കയറി ഉദ്യാനത്തിന്റെ കൂടുതൽ വ്യക്തമായ കാഴ്ച്ച നമുക്ക് കാണാം. തുന്പൂർമൂഴി ചിത്രശലഭോദ്യാനത്തിലെ നയനാഭിരാമമായ കാഴ്ച്ചകൾ ആസ്വദിച്ച ശേഷം പോകുന്നത് കേരളത്തിന്റെ മിനി നയാഗ്ര എന്ന വിശേഷണമുള്ള അതിപ്പിള്ളി വെള്ളച്ചാട്ടം കാണുവാനാണ്. സാധാരണ വെള്ളച്ചാട്ടത്തിന്റെ മുകളിലെ കാഴ്ച്ചകൾ മാത്രം കണ്ടു മടങ്ങുന്ന സഞ്ചാരികൾക്കു, ഡി.ടി.പി.സി അസുലഭമായ മറ്റൊരു അവസരമാണ് ഇവിടെ ഒരുക്കുന്നത്. വെള്ളച്ചാട്ടത്തിനു താഴെയായി വളരെ അടുത്ത് നിന്നും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ കയറിയും പുഴയിറങ്ങിയും യാത്ര ആഘോഷിക്കുകയാണ് ഇവിടെ. നിറഞ്ഞു പെയ്യുന്ന മഴക്കൊപ്പം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അതിസുന്ദരമായ സൗന്ദര്യവും ആസ്വദിച്ചു സഞ്ചാരികൾ മഴയാത്ര തുടരുന്നു.

mazhayathra 1

athirappilly waterfalls downside
athirappilly waterfalls downside

അതിരപ്പിള്ളി വനമേഖല വന്യമൃഗങ്ങളാൽ സന്പന്നമാണ്. ആനകളും, കാട്ടുപോത്തും, പുലിയും, മാനും, മലയണ്ണാനും തുടങ്ങീ നിരവധി വന്യമൃഗങ്ങൾ അതിരപ്പിള്ളി – മലക്കപ്പാറ വനമേഖലയിൽ കണ്ടുവരുന്നു. മഴയാത്രയിൽ മാനുകളും മ്ലാവുകളും മലയണ്ണാനും കണ്മുന്നിൽ ഓടിക്കളിക്കുന്ന കാഴ്ച്ചകൾ എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. കാടിന്റെ ഉള്ളിലേക്ക് പോകുന്തോറും വന്യമൃഗങ്ങളുടെ ശബ്ദവും ഗന്ധവും ഇടക്കിടെ കാണുന്ന ആനച്ചാലുകളും സഞ്ചാരികളെ യാത്രയുടെ ഉന്മേഷത്തിലെത്തിക്കുന്നു. കാട്ടുചോലകളിലും പുഴയോരത്തും ആനയും കാട്ടുപോത്തും മാനുകളും വെള്ളം കുടിക്കാനും മറ്റുമായി വരുന്ന കാഴ്ചകളും ഈ യാത്രയിൽ കാണാം.

malayannan maan

പിന്നീട് പോകുന്നത് അതിരപ്പിള്ളിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രമുള്ള ചാർപ്പ വെള്ളച്ചാട്ടത്തിലേക്കാണ്. പോകുന്ന വഴിയിൽ റോഡിൽ നിന്നു തന്നെ വളരെ അടുത്തതായി കണ്ടു ആസ്വദിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് ചാർപ്പ. മഴക്കാലത്ത് മാത്രമാണ് ചാർപ്പ വെള്ളച്ചാട്ടം അതിന്റെ സൗന്ദര്യത്താൽ നിറഞ്ഞൊഴുകുന്നത്. പിന്നീട് വാഴച്ചാൽ വെള്ളച്ചാട്ടം കാണുവാൻ പോകുന്നു. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി കാടിന്റെ ഉള്ളിലെ മനോഹര കാഴ്ച്ചയായി വാഴച്ചാൽ വെള്ളച്ചാട്ടം. വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികൾ ആണ് അതിരപ്പിള്ളി -വാഴച്ചാൽ സന്ദർശിക്കുന്നത്തിനായി ഇവിടെ എത്തുന്നത്. വംശനാശം നേരിടുന്ന വേഴാന്പലും മറ്റു നിരവധി ജീവികളുടെയും ആവാസവ്യവസ്ഥകൂടിയാണ് വാഴച്ചാൽ വനമേഖല. വാഴച്ചാൽ വെള്ളച്ചാട്ടത്തിനു അരികിലായി കെട്ടിയ വാക് വെയിലൂടെ നടന്നു വെള്ളച്ചാട്ടത്തിന്റെ മുകളിലെ കാഴ്ച്ചകൾ കാണുന്നത് സഞ്ചാരികൾക്കു തീർത്തും സന്തോഷകരമായ കാര്യമാണ്.

chrppa

vazhachal
vazhachal

വാഴച്ചാൽ ചെക്ക് പോസ്റ്റും കടന്നു മഴയാത്രസംഘം അവിടെ നിന്നും പോകുന്നത് പൊരിങ്ങൽ ഡാമിലേക്കാണ്… ഉച്ചയോടെ പൊരിങ്ങൽ ഡാമിൽ എത്തുന്ന സഞ്ചാരികൾ ഡാമിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ കാടിനുള്ളിലൂടെ മഴനനഞ്ഞു നടക്കാനിറങ്ങുന്നു. വന്യമായ അന്തരീക്ഷത്തെ ആവോളം ആസ്വദിച്ചു കുട്ടികളടക്കം എല്ലാവരും കാടിനെ തൊട്ടറിഞ്ഞു നടക്കുന്നു. കാടിനെ അറിഞ്ഞും കാട്ടുവിഭവങ്ങളെ അറിഞ്ഞും വന്യജീവികളെ കണ്ടും കാട്ടുചോലയിറങ്ങിയും മഴയാത്ര സഞ്ചാരികൾ ആഘോഷമാക്കുന്നു. കാടിനെ തൊട്ടറിഞ്ഞുള്ള മഴനനഞ്ഞുള്ള നടത്തം കഴിഞ്ഞതിനു ശേഷം വിഭവസമൃദ്ധമായ സദ്യയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്; പൊരിങ്ങൽ ഡാം ഐ ബി യിലാണ് മഴയാത്ര സംഘത്തിനുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത്. ഡാമിൽ നിന്നും പിടിച്ച മീനും – പച്ചക്കറി വിഭവങ്ങളും ഇറച്ചി കറിയും ചോറുമാണ് ഇവിടെ യാത്രികർക്കായി ഒരുക്കുന്നത്. ഇവിടെ നിന്നു നോക്കിയാൽ കാടിന്റെ ഒത്ത നടുക്ക് ഡാം കാണാൻ നല്ല ഭംഗിയുള്ള കാഴ്ച്ചയാണ്. ഉച്ചഭക്ഷണത്തിനു ശേഷം ഇവിടെ നിന്നും പോകുന്നത് മറ്റൊരു പ്രധാനപോയിന്റായ ആനക്കയത്തേക്കാണ്. പകലും രാത്രിയും എന്നുവേണ്ട ഏതു സമയത്തും അവിടെ വന്യമൃഗങ്ങളെ കാണാം. ആനകളും പുലിയും മറ്റു മൃഗങ്ങളും ഇവിടെ പുഴയിലറങ്ങി കുളിക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെയാണ്. ആനക്കയത്തെ വിശേഷങ്ങൾ അറിഞ്ഞ ശേഷം നമ്മൾ പോകുന്നത് നമ്മുടെ ലാസ്റ് പോയിന്റായ ഷോളയാർ ആണ്. സാധാരണ വിനോദസഞ്ചാരികൾക്കു പ്രേവേശനം ഇല്ലാത്ത ഒരിടമാണ് ഷോളയാർ ഡാം. ഇവിടെ മഴയാത്ര സംഘത്തിനു ഡാമിൽ നിന്നു നോക്കിയാൽ വന്യമൃഗങ്ങൾ പുഴയിലിറങ്ങുന്നതും കുളിക്കുന്നതും ഒക്കെ കാണുവാൻ സാധിക്കും.

poringalkuth damwalk

മഴനിറഞ്ഞ കാട്ടിലൂടെ മഴനനഞ്ഞു കോടമഞ്ഞിനെ വകഞ്ഞു മാറ്റി മഴയാത്ര തുടരുന്നു. കാടിന്റെ വന്യതയെ പുൽകി മനസ്സു നിറഞ്ഞൊഴുകുന്ന കാട്ടരുവികളിൽ ഇറങ്ങിയും കളിച്ചും മഴക്കൊപ്പം പെയ്തുതോരാതെ ഈ യാത്രയുടെ ഓർമ്മകൾ വട്ടമിട്ടുപറക്കുന്നു. ശലഭോദ്യാനവും, അതിരപ്പിള്ളി വെള്ളച്ചാട്ടവും, ചാർപ്പയും, വാഴച്ചാലും, പൊരിങ്ങലും, ഷോളയാറുമെല്ലാം മഴയുടെ താളത്തിനൊപ്പം ഒരു കുടക്കീഴിൽ നാം നടന്നു നീങ്ങുന്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത മനോഹര കാഴ്ച്ചകളും നിമിഷങ്ങളും സമ്മാനിക്കുകയാണ് മഴയാത്ര നമുക്ക്.

http://www.facebook.com/amaldevpd
http://mizhipakarppukal.blogspot.in
https://amaldevpd.wordpress.com

writer: amaldev.p.d

email: amaldevpd@gmail.com

Advertisements