ഓർമ്മമാത്രം

::::::::::::::::::

വിരൽ തൊട്ടുണർത്തുന്ന
മോഹങ്ങളൊക്കെയും
സ്വപ്ന ചാപല്യങ്ങളായിരുന്നു

മറവിയായ് പുല്കുന്ന
പുതിയ രസത്തിന്റെ
തിക്തമാം കാഴ്ച്ചകളായിരുന്നു.

അവളുടെ മൊഴികളിൽ
നിന്നടരുന്ന കവിതയിൽ
മധുരമാം പ്രണയമതായിരുന്നു

മിഴി തെറ്റിയലയുന്ന
മൂകമാമിരുളിനെ
അവളാകവിതയിൽ ചേർത്തു വച്ചു.

വശ്യമാം പുഞ്ചിരി
ചൂടുന്ന നിൻ മുഖം
വന്യമായ് നിൽക്കുവതെന്തിനിന്ന്

വിണ്ണിലെയേകാന്ത
വിസ്മയമായിന്ന്
ചിരിതൂകിയിന്നുനീ,യുദിച്ചു നിൽക്കേ.

മണ്ണിലെന്നാത്മാവു,
തേടുന്ന യൗവന
ഭാഗ്യമൊരശ്രുവായടർന്നു വീണു.

കതിരുകൾ കൊത്തി
പറന്നു പറന്നവൾ
ഒരു ദു:ഖ സാനുവിൽ ചെന്നിരുന്നു.

അവിടെയൊരായിര,
മോർമ്മകൾ മേയുന്ന
സായന്തനങ്ങളുണ്ടായിരുന്നു.

വിടപറഞ്ഞെങ്ങോ
പറന്നു പോയാ കൊച്ചു,
ചിറകിന്നൊരോർമ്മ മാത്രമായി

കാത്തിരിപ്പിൻ കട-
ലാഴങ്ങളോളം നിൻ
കാലൊച്ചതേടി ഞാൻ നടന്നിരുന്നു.

::::::::::::::::::::::::::::
ഓർമ്മമാത്രം
എഴുതിയത്- അമൽദേവ്.പി.ഡി
amaldevpd@gmail.com
http://www.facebook.com/amaldevpd

Advertisements

കാലം കരുതിയ വർണ്ണച്ചിറകുകൾ.

ഇല്ലില്ല,യീ-
ക്കനൽ കൂടതിൽ
മിച്ചമാം
വർണ്ണച്ചിറകുകൾ.
മണ്ണിതിൽ
താപമുറഞ്ഞിടും
രാപ്പകലുകൾ
നീന്തുമാരവം.

വെയിൽ വെന്തുരുകി
വീഴുന്നതണലുകൾ,
വഴിയടഞ്ഞ
നേരുകളഴുകിടുന്ന
കാനകൾ.
വിധിയൊടുക്കിയൊ-
രമ്മച്ചിറകുതേടു,
മൊരുകിളി കൊഞ്ചലും
ഗഗനവീഥിയിലിടറി
വീണൊരിണക്കിളിയും,

കാലമൊരൽപ്പ-
മകന്നനേരം
കോലങ്ങളെല്ലാ,
മഴിഞ്ഞിടുന്നു
ശേഷിച്ചൊരാ,
ജലകണമിന്നാ-
കണ്ഠമാറിയാ,
തൊഴുകിടുന്നു…
അകലുന്നു
മണ്ണിതിൽ നിന്നു,
മകലേയിരുണ്ട
കിനാവുകൾ.

വിറയ്ക്ക്കുന്നു
കരിയിലകണക്കെ,
വീണൊരെൻ
വർണ്ണച്ചിറകുകൾ
കൊതിക്കുന്നു
കാറ്റിലറിയാതൊന്നു
പറന്നു പോയാ-
കാലമൊന്നു
പുൽകുവാൻ…
::::::::::::::::::::::::::

കവിത : കാലം കരുതിയ വർണ്ണച്ചിറകുകൾ
എഴുതിയത് : അമൽദേവ്.പി.ഡി
http://www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd

എത്ര കിനാക്കൾ…

മിന്നിമറയുന്നതെത്ര കിനാക്കൾ
മണ്ണിലുറയുന്ന ജീവന്റെ സ്വപ്നം
മന്ത്രമുരുകുന്ന ചക്രവാളത്തിൽ
മന്ദമലിയുന്ന സായന്തനങ്ങൾ.

വർണ്ണജാലങ്ങൾ തീർക്കുന്ന സ്വപ്നം
മൗനരാഗങ്ങളെഴുതുന്ന സ്വപ്നം
മണ്ണിലമരുന്ന ജീവന്റെ രക്തം
ചിന്തുമോർമ്മകൾ മേയുന്ന സ്വപ്നം

കാടും പുഴയും പൂമരകൊമ്പും
കാട്ടുചോലക്കിളിതേടും മഴയും
മണ്ണിൻ മനസ്സിൽ മുളക്കുന്ന വിത്തും
കാണുന്നു കാടുകയറുന്ന സ്വപ്നം.

കാമമല്ലായതിമോഹമാണിന്നെന്റെ
അതിരുകൾ കെട്ടും കറുത്ത സ്വപ്നങ്ങളും
ഫണമുയർത്തി പായുമുരഗവർഗ്ഗങ്ങളും
കൊമ്പുകോർക്കും കാട്ടുപോത്തും കടുവയും

മാനും മയിലും മാമലക്കാടും
മഴയൊച്ച തേടുന്ന വേഴാമ്പലും
മറയുന്നു ഭൂമിതന്നാഴങ്ങളിൽ ചെന്ന്
രാപ്പാർക്കുമാദിത്യ കിരണങ്ങളും.

ഈ മഴക്കാടു തേടുന്ന യൗവന
പൂമരച്ചില്ലയിലാടിയാടി
മന്ദമഴിയുന്ന മൗനസ്വരങ്ങളെന്മനസ്സിന്റെ
മാനത്ത് വിരിയുന്ന മഴവില്ല് പോൽ

നിമിഷമീ സ്വപ്നങ്ങളിൽ മേയുമാശകൾ
വെട്ടിവീഴ്ത്തുന്ന വൻമരച്ചില്ലകളിൽ
കൂടണയാൻവരും കുറുമൊഴിതെന്നലും
കുയിൽ പാട്ടുമില്ലാത്ത സന്ധ്യകളും

നിത്യവിസ്മൃതി തന്നാഴങ്ങളിൽ
വേരറുക്കുന്ന മാനുഷ ചെയ്തികളിൽ
നീളും മരുഭൂവിലാരോകടം കൊണ്ട,
കണ്ണുനീർ തുള്ളികൾ ബാക്കിയായി.
—————————

(അമൽദേവ്.പി.ഡി) എത്ര കിനാക്കൾ…

blog link >>>>
https://mizhipakarppukal.blogspot.in