പുതുവത്സരാശംസകൾ… :)

”ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്തുവാൻ ഈ ജീവിതം മുഴുവൻ നമുക്ക് നടന്നു തീർക്കേണ്ടി വരും. അതുപോലെയാണ് സ്വപ്‌നങ്ങളും, ഓരോ ഉണർവിലും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തിന്റെ അരണ്ട ഇടനാഴിയിൽ ഒരു സൂര്യവെളിച്ചം പോലെ മിന്നിമറയും ചിലതൊക്കെ. ചിലപ്പോൾ വെളിച്ചത്തെ തല്ലിക്കെടുത്തതും.”

പുതിയപ്രഭാതങ്ങൾ, പുതിയലക്ഷ്യങ്ങൾ, പുതിയസ്വപ്നങ്ങൾ, പുതിയഓർമ്മകൾ, പുതിയരീതികൾ, പുതിയഭാഷകൾ, പുതിയഭാവങ്ങൾ, പുതിയമുഖങ്ങൾ, പുതിയരസങ്ങൾ, പുതിയഭക്ഷണങ്ങൾ, പുതിയരുചികൾ, പുതിയയാത്രകൾ, പുതിയസൗഹൃദങ്ങൾ, പുതിയകാഴ്ച്ചകൾ,… ഇങ്ങനെ പുതിയതായി നമ്മൾ മാറുന്നതും, മാറ്റുന്നതുമായ കാര്യങ്ങൾ, അവയിലെ പുതുമ നഷ്ടപ്പെടുന്നത് വരെ മാത്രം.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും നാമറിയാതെ നമ്മെ കടന്നു പോകുന്നു. ആഘോഷങ്ങളിൽ മതിമറക്കുന്ന ജീവിതങ്ങൾ, ഒരു ഭാഗത്ത് ആഘോഷമെന്തെന്നറിയാത്ത മനുഷ്യർ. ഓണവും, വിഷുവും, ക്രിസ്മസുമെല്ലാം വന്നുപോകും, ആഘോഷങ്ങൾക്ക് രുചിയിലും ഭാവത്തിലും മാറ്റങ്ങൾ വന്നുചേരും. ഇലകൾ കൊഴിഞ്ഞു പോകും, പുതുനാന്പുകൾ തളിരിടും. ഓരോ പകൽ പിറക്കുന്പോഴും നമ്മളറിയാതെ നമ്മൾ യാത്രപുറപ്പെടുന്നു. രാത്രിയിൽ കനവുകൾ നിറച്ച പട്ടുമെത്തയിൽ സുഖനിദ്രയും. സ്വപ്‌നങ്ങൾ പകൽ പോലെയാണ്, അവ വേഗതയാർന്ന നിമിഷങ്ങളാണ്, തിരക്കേറിയ യാത്രകളാണ്. ഒന്നിനുമീതെ ഒന്നായി വന്നുചേരും. സഫലമാകാതെ അവ വീണുടയും.

പുതുവർഷം ആയിരിക്കുന്നു. പതിവിലേറെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞാനും. ആഘോഷങ്ങൾക്ക് പിടികൊടുത്തില്ല. പുതുവത്സരാശംസകൾ നേർന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെയായി സന്ദേശങ്ങൾ ഒരുപാടെത്തി. ഒന്നിനും ഈ നിമിഷം വരെ മറുപടി കൊടുത്തിട്ടില്ല. കൊടുക്കണം, പുതുവർഷം നല്ലൊരു ജീവിതം സമ്മാനിക്കട്ടെ…” പതിവിലും കുറവായിരുന്നു ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞവർ. ആരെയും അങ്ങോട്ടും വിളിച്ചില്ല. ഒരു രാത്രി വഴിമാറി പകലിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നു, ഒപ്പം അതൊരു പുതുവർഷത്തിന്റെ പിറവി കൂടിയാകുന്പോൾ ആശംസാപ്രവാഹങ്ങളുടെയും, അനുഗ്രഹങ്ങളുടെയും നിമിഷങ്ങളാകും.

”നടന്നു തീർക്കാൻ ഒരുപാട് ദൂരമുണ്ട് ഇനിയും, ഈ യാത്രയിൽ കണ്ടുമുട്ടാൻ ഏറെ മുഖങ്ങളും. മറവികൂടാതെ അനുഗ്രഹങ്ങളും ആശംസകളും നേരുവാൻ മനസ്സുണ്ടാകണം. ചിലരെ ഒപ്പം കൂട്ടേണ്ടി വരും, ചിലരെ അകറ്റി നിർത്തേണ്ടി വരും. എങ്കിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഞ്ഞു തുള്ളികൾ എന്നും നമ്മിൽ പതിക്കട്ടെ. എന്റെ എല്ലാ കൂട്ടുകാർക്കും, സഹോദരങ്ങൾക്കും സ്നേഹാദരങ്ങളോടെ ഒരു പുതുവർഷപ്പുലരി നേരുന്നു….

പുതുവത്സരാശംസകൾ… 🙂

അമൽദേവ്.പി.ഡി
———————–
https://mizhipakarppukal.blogspot.in

Advertisements

”ഈ മരം ഏങ്കളുടെത്” ” ഈ പുഴ നമ്മുടെത്”

vellachattam

” പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും സമരക്കാരും അതിരപ്പിള്ളിയിൽ ഇതിനകം എത്തിയിട്ടുണ്ട്. കാടിളക്കുന്ന ശബ്ദ ത്തോടെയും, വായ്മൂടികെട്ടിയും ഒക്കെ സമരം നടത്തിയവർ. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്നത് ആ നാടിന്റെ മുക്കിലും മൂലയിലും പണിതുയർത്തുന്ന ഗോപുരങ്ങളിലും പ്രതിമകളിലും മാത്രമായി ഒതുങ്ങുന്നില്ല. ആ നാടിനു ജീവജലം നല്കുന്ന പുഴയെ, തണലേകുന്ന മരങ്ങളെ, കാടിനേയും പുഴകളെയും നിലനിർത്തുന്ന സസ്യജന്തുജാലങ്ങളെ ഒക്കെ അതിൽ ഉൾപ്പെടുത്തേണ്ടി വരും. അതിനേക്കാളുപരി കാടിന്റെ മക്കളായി ജീവിച്ചുപോരുന്ന നിരവധി ആദിവാസി ജനവിഭാഗങ്ങൾ. അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നാം കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. കാടും പുഴകളും ഇവിടെത്തെ ജീവജാലങ്ങളെയും ഇല്ലാതാക്കി ചാലക്കുടി പുഴയിൽ ഇനിയൊരു ജല വൈദ്യുതപദ്ധതികൂടി വന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ട്ടമാകുമോ എന്നതിലുപരി നിരവധി സസ്യജന്തുജാലങ്ങളും അവയുടെ വാസസ്ഥലവും നഷ്ട്ടമാകുന്നു എന്ന ചോദ്യം ഉയർത്തുന്ന ആശങ്കകൾ നാം കണ്ടില്ലെന്നു നടിക്കുന്നത് വേദനാജനകമാണ്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാന്പൽ, കടുവ, ആന, ഉരഗ വർഗങ്ങൾ, മത്സ്യങ്ങൾ, ചിത്രശലഭങ്ങൾ തുടങ്ങി നിരവധി വരുന്ന വന്യജീവികൾക്കും ജല ജീവികൾക്കും വാസസ്ഥലമില്ലാതാകുന്നതും പദ്ധതി വരുന്നതിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഡാം പണിതുയർത്തി കഴിഞ്ഞാൽ ഇല്ലാതാകുന്ന ആദിവാസി ഊരുകൾ, കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ വനമേഖലയിലെ 140 തിലധികം വരുന്ന വനഭൂമി ഈ ഡാം വരുന്നതിലൂടെ ഇല്ലാതാകാൻ പോകുന്നത് ആശങ്കയും അതിലുപരി പേടിപ്പെടുത്തുന്നതും ആണ്.”
a 1
” കാടും നാടും സംരക്ഷിക്കേണ്ടത് തന്നെ. അതിൽ കാടിന് നല്കേണ്ട മുൻഗണന തികച്ചും അർത്ഥവത്തായ തീരുമാനമാണ്. നമ്മുടെ ഭൂമിയിലെ സസ്യജന്തുജാലങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ജീവിക്കുന്നത് മഴക്കാടുകളിലാണ്. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും കണ്ടുവരുന്നതും ഈ മഴക്കാടുകളിലാണ്. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും പുഴകളും ഇല്ലാതാകുന്നതോടെ മഴക്കാടുകളിൽ എന്നല്ല നഗരപ്രദേശങ്ങളിലും മഴ ലഭിക്കുന്നത് ഇല്ലാതാകുന്നു. ഈ കഴിഞ്ഞ വേനലിൽ നാം ഏറെ അനുഭവിച്ചതും അത്തരത്തിലുള്ള ഒന്നാണ്. സൂര്യതാപമേൽക്കുന്നതും, ഭൂമി വറ്റി വരണ്ടുണങ്ങി കൃഷിയും മറ്റും ഉണങ്ങിക്കരിഞ്ഞു പോകുന്നതും ജന്തുജാലങ്ങളും പക്ഷികളും അടക്കം നിരവധി ജീവജാലങ്ങൾ ചൂട് താങ്ങാനാവാതെ ചത്തു പോകുന്നതും നമുക്ക് കാണേണ്ടി വന്നു.”
kattaruvi
”ഈ മരം ഏങ്കളുടെത്” ” ഈ പുഴ നമ്മുടെത്”
treekattaruvi a
”അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ കാണാം വഴിയോരങ്ങളിലെ മരങ്ങളിലെല്ലാം മുളയിൽ എഴുതിവച്ച വാക്കുകൾ. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ രാഷ്ട്രീയലാഭം കണക്കിലെടുത്ത് ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ത്വരിതഗതിയിൽ എടുക്കുന്ന തീരുമാനങ്ങൾ അവ എത്രമാത്രം അവിടെത്തെ ജന വിഭാഗങ്ങളെ ബാധിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. സമൂഹിക പ്രവർത്തകരിലും, അതുപോലുള്ള ഒരു വിഭാഗം ആളുകളിലും മാത്രം ഒതുങ്ങിപോകുന്നു ഇത്തരം സമരങ്ങൾ എന്നതും വേദനാജനകമായ ഒന്നാണ്. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ ജനനന്മ ലക്ഷ്യം വച്ച് ഇത്തരം സാമൂഹ്യപ്രവർത്തനത്തിനു നിരവധി ആളുകൾ മുൻപോട്ടു വരുന്നു എന്നുള്ളത് തികച്ചും സ്വഗതാർഹമായ കാര്യമാണ്. കാടിനേയും മലകളെയും പുഴകളെയും ജീവജാലങ്ങളെയും ഒക്കെ അറിഞ്ഞുകൊണ്ട് ഇന്നത്തെ പുതുതലമുറ നടത്തുന്ന കല – സാംസ്ക്കാരിക പരിപാടികളും വിനാശകരമായ ഇത്തരം പദ്ധതിക്കെതിരായ നല്ലൊരു സമരമാർഗമാണ്. കാടിനേയും പുഴയേയും സ്നേഹിച്ചു വനയാത്രകൾ സംഘടിപ്പിച്ചും പുതിയ തലമുറക്കാർ സമൂഹത്തിൽ വളർന്നു വരുന്നു.”
vazhachal
കേരളത്തിലെ ഏറ്റവും വലിയ ജലസ്രോധസ്സുകളിൽ ഒന്നാണ് അതിരപ്പിള്ളി പദ്ധതിക്ക് തിരഞ്ഞെടുത്ത പ്രസ്തുത പ്രദേശം. മനുഷ്യജീവനെന്നല്ല, കാട്ടിലെ ജീവികൾക്കും അവയുടെ ജീവൻ നിലനിർത്താൻ മരങ്ങളും പുഴകളും എല്ലാം ആവശ്യമാണ്.
forest
നിലപാട് കടുപ്പിക്കും മുന്പ് സർക്കാരിനു അതിരപ്പിള്ളി പദ്ധതി വന്നലുണ്ടാകാവുന്ന നഷ്ട്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളും സസ്യജന്തുജാലങ്ങളും ആദിവാസി വിഭാഗങ്ങളും എല്ലാം ഇനിയും നിലനില്ക്കും, ഇനിയുള്ള കാലങ്ങളിലും ഈ മനോഹാരിതയും കുളിർമയും മഴയും കാറ്റും എല്ലാം നിലനിൽക്കും എന്നത് യാഥാർത്ഥ്യമാണ്.
puzha
”ഇനിയില്ല തബ്രാ എങ്കയ്യേ
ഈ കാടല്ലാതൊരു സന്പാദ്യം
കുളിർചൊരിയും കാട്ടരുവിയും
ജീവനേകും പുഴയും
മലനിരകൾ നിരനിരയായ്
മഴമേഘം തുടികൊട്ടും
മഴയില്ലാതൊരു മനമില്ല തബ്രാ…
പണിയല്ലേ ഇവിടൊരണകെട്ടിന്നു,
നാളെ മരിക്കും പുഴയും കാടും
കാടുണർത്തും കിളിയും കാട്ടാനയും
മഴക്കാത്തിരിക്കും വേഴാംബലും
ഈ മഴക്കാടിൻ മനോഹാരിത,
തിങ്ങും മരങ്ങൾതൻ വന്യമെന്നും
അന്യമാകുന്നൊരു ദിനങ്ങളിന്ന്
എണ്ണുവാനാകില്ല ഞങ്ങൾക്കിന്നു.
കാടും പുഴയും നശിച്ചുവെന്നാൽ
നാടും നഗരവും അകന്നു പോകും…”
facebook link>>>>>
blog link >>>>>

പോയ്‌ മറഞ്ഞ ദിനങ്ങള്‍…..

ആഘോഷരാവുകളെയെല്ലാം അതിഭീകരവും ഭയാനകരവും ചിലപ്പോഴൊക്കെ സമാധാനപരവുമായ ചിന്തകളും വിചാരങ്ങളും പകൽ സ്വപ്നങ്ങളുമൊക്കെയായി, ഇരുൾ മൂടി കനം വച്ച ഒറ്റമുറിയുടെ ഏകാന്തതയിൽ തളച്ചിട്ടു… ഉത്സവപ്രതീതി തീർക്കുന്ന ഓർമ്മകളുടെ ഒടിഞ്ഞു തൂങ്ങിയ മരച്ചില്ലയിൽ ഞാനെന്റെ ഓർമ്മകളുമൊത്ത് ഊഞ്ഞാലയാടിക്കളിച്ചു… വിധിയുടെ വിരൽ തുമ്പിൽ പിടിച്ച് എനിക്ക് മുൻപേ നടന്ന ദേഹം, തലമുറയായി കൈമാറികിട്ടിയ സ്നേഹകരലാളനകളും പ്രതീക്ഷമുളപൊട്ടി വിടരുന്ന മനസ്സാന്നിധ്യവുമായി കൂടെ നിന്നിരുന്നു… ദിനങ്ങളോരോന്നും എണ്ണിയെണ്ണി പാതി തുറന്ന ജാലക കോണിൽ നിന്നു മടർന്നു വീഴുന്ന വെള്ളി നൂലിഴകളുടെ നീളമകന്ന്, മുൻപെപ്പോഴോ വിതച്ച സ്വപ്നങ്ങളെ, രാത്രിയുടെ പാതിയിലെപ്പോഴോ കൊയ്തെടുക്കുന്ന നിമിഷങ്ങൾ… വിരുന്നെത്തിയ ചിങ്ങനിലാവിനും മടി, അത്തം പത്തെണ്ണിയില്ല, മുറ്റത്ത് പൂക്കളമിട്ടില്ല, തിരുവോണ മെത്തിയതറിഞ്ഞുമില്ല, വേലിക്കലോളം വന്നെത്തി നോക്കി തിരികെ പോയ മഹാബലി തമ്പുരാനും ഒരിറ്റു കണ്ണുനീർ പൊഴിച്ചു കടന്നു പോയ്… പകലുകൾ രാത്രികൾ ദിനങ്ങളോരോന്നും പടി കടന്നു, തിരികെ കിട്ടാത്ത നല്ല ദിനങ്ങളും നിമിഷങ്ങളും ഓർമ്മകളിൽ നിറച്ച് വീണ്ടും നാളെയുടെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ജീവിത വ്യാപാരം തുടരുന്നു…

http://mizhipakarppukal.blogspot.in/2015/09/blog-post.html