Posted in Uncategorized

ചൂളം വിളിക്ക് കാതോർത്ത്

………………………………………….
നിന്റെചൂളം വിളിക്ക്
കാതോർത്തു,
നിന്റെ നീണ്ടുമെലിഞ്ഞ
ശരീരത്തിന്റെ
നഗ്നതയെ പുല്കാൻ
നിന്റെ വഴികളിൽ
നിനക്കു തടസ്സമാവാതെ
ഞാനെന്റെ ദേഹം എടുത്തുവച്ചു.

വഴിയിലൊരപരിചിതനെന്നോതി നീ
വിളിച്ച് കൂവിയനേരം,
നീയെനിക്ക്
പരിചിതയെന്നരുളി ഞാൻ നടന്നു,

ഉടലുകീറിപ്പിളർക്കുന്ന
ഉണർത്തുപാട്ടായി നിന്റെ
ഉടയാത്ത ശരീരമെന്നിലൂടെ
കടന്നുപോകുമ്പോഴും
ഞാനെന്റെ പ്രണയിനിയെ ചുംബിച്ചിരുന്നു.

ചോരചിന്തിയ ഉടലാകെ
വേഗമേറിയ നിന്റെ,
പ്രണയചക്രങ്ങൾ
കയറിയിറങ്ങിയപ്പോൾ
മങ്ങിയ വെട്ടത്തിലൊരു പെണ്ണ്
ഓടിമറയുന്നത് കണ്ടു.

……… അമൽദേവ്.പി.ഡി……………

Advertisements
Posted in കവിതകള്‍, Uncategorized

മറന്നുവച്ച പ്രണയകാലം

……………………………………..
തിളച്ചുമറിയുന്ന രക്തം
തിരിച്ചെന്നോട് ചോദിച്ച
തണുത്ത പ്രണയകാലം
മറന്നുവച്ചതെവിടെ….?
വഴിവക്കിലെ വഴിവിളക്കിന്റെ ചോട്ടിൽ
തിരഞ്ഞു ഞാൻ ചെന്നിരുന്നു.
മുഷിഞ്ഞ ബാഗിനുള്ളിൽ
ഓർമ്മകളുടെ ചളിപുരണ്ട
ഒരു തൂവാല കണ്ടു…
വികൃതമായ അക്ഷരങ്ങളിൽ തീർത്ത
കനമേറിയ വാക്കുകൾ…!
എന്റെ മുഖം
നീ മറക്കുന്ന നിമിഷം
ഈ തൂവാല നോക്കുക,
രക്തരൂക്ഷിതമായ എന്റെ മുഖം
ഒരു നേർത്ത രേഖയാൽ
വരച്ചു ചേർത്തിട്ടുണ്ട്….
മറന്നുവെന്ന്
നീയോർക്കുന്ന നിമിഷം
നിനക്കാതൂവാലയിൽ
മുഖം ചേർക്കാം…
അപ്പോൾ, ഞാൻ
നിന്റെ ചുണ്ടിലൊരു ചുംബനമേകും
നിന്റെ കവിളിലൂടൊഴുകിയ
കണ്ണുനീരിൽ നനയും….
അന്നുനീയറിയും
തെരുവിലും ഇടവഴികളിലും
നീയാഴം തേടിയ കടൽ തീരത്തും
മറന്നുവച്ച
ആ തണുത്ത പ്രണയകാലം….
…………………………………………………………..
അമൽദേവ്.പി.ഡി
………………………….

Posted in Uncategorized

​എന്തുരസം (കവിത)

================

മഴയൊച്ച കേൾക്കുവാനെന്തു രസം !

മഴപ്പാട്ടു പാടുവാനെന്തു രസം !

മഴയിൽ നനയുവാനെന്തു രസം !

മഴനൃത്തമാടുവാനെന്തു രസം !
മഴയിൽ നിറയും പെരുവെള്ളച്ചാലിൽ

കളിയാടിനില്ക്കുവാനെന്തു രസം !

മഴതീർത്ത കുളിരിൽ മടിയോടെ മെല്ലേ

നിനവുകൾ നെയ്യുവാനെന്തു രസം !
പാടവരമ്പിലെ പുല്ക്കൊടിനാമ്പിലായ്

മഴമുത്തു ചാർത്തിയ മഴച്ചാറ്റലും,

തൊടിയിലെപ്പൂക്കളിൽ യൗവനം തൂവിയ

ഇടവത്തിൻ മഴമുല്ലമലരുകളും,

ഇടവഴിക്കോണിലെ മഴച്ചാലിനൊപ്പമായ്

തുഴയെറിഞ്ഞെത്തുംപൊടിമീനുകളും,

മഴപെയ്തമാനത്ത് ഏഴു നിറങ്ങളാൽ

മഴവില്ലു തീർക്കുന്ന സന്ധ്യകളും,

തോട്ടിൻകരയിലായ് പരൽമീൻകുരുന്നിനെ

നോക്കിയിരിക്കുംപൊൻമാനുകളും,

പെരുമഴ തീർക്കുന്ന മുറ്റത്തെക്കായലിൽ

കളിയോടമെറിയുന്ന കൗതുകവും,

തൊടിയിലെ പൊട്ടക്കുളത്തിലെത്തവളയെ

പിടികൂടുംകുട്ടിക്കുസൃതികളും.

മഴയ്ക്കൊപ്പമാകാശസ്വപ്നങ്ങളും പേറി,

മഴക്കാലമുത്സവമാക്കി ഞങ്ങൾ.

മഴയുടെ മധുരമാം ഓർമ്മകൾ തളിരിടും

മഴക്കാലമോർക്കുമ്പോഴെന്തു രസം…!
മഴനനഞ്ഞോടിവന്നെത്തുന്ന നേരത്ത്

തുടയിലായ് തരുമമ്മയീർക്കിൽപ്പഴം,

ചേമ്പിലത്താളിലായ് പൊടിമീൻകുരുന്നിനെ

കൊണ്ടുവന്നാലമ്മ തല്ലിടുന്നു,

മുറ്റത്തെത്തോപ്പിലെ മന്ദാരപ്പൂവിനെ

തൊട്ടാലുമമ്മ വഴക്കിടുന്നു,

പാടവരമ്പിലെ മുറിച്ചുണ്ടൻകൊക്കുമായ്

കളിയാടിയാലും വഴക്കിടുന്നു,

നഗ്നപാദങ്ങളാൽ മണ്ണിലൊന്നിറങ്ങിയാൽ

ചൂരലുമായമ്മയടുത്തുവരും,

മുറ്റത്തെത്തൈമാവിൻചോട്ടിലൊരിത്തിരി

നേരമിരിക്കുവാൻ പാടിലത്രേ !
മഴയൊച്ചകേൾക്കുമ്പോൾ മഴപ്പാട്ടു പാടാതെ

മഴയിൽ നനയാതെ മാറിനിന്നു.

മഴപെയ്തു, തൊടിയിലും പാടത്തും മുറ്റത്തും

മഴവില്ലുമേറെ വന്നുപോയി.

മഴയൊച്ച കേട്ടില്ല മഴപ്പാട്ടും പാടീല,

മഴനൃത്തമാടീല, മഴയിൽ നനഞ്ഞീല,

ഇളവെയിൽതോല്ക്കുമാ മഴച്ചാറ്റലുച്ചത്തിൽ

മഴപ്പാട്ടുപാടിവന്നെത്തിടുന്നു…
ഓർമ്മകൾ മെല്ലെ മഴയ്ക്കൊപ്പമായി

മധുവൂറും നോവായും പെയ്തിറങ്ങി.

മഴതന്നൊരോർമ്മയിൽ മധുരമാമോർമ്മയിൽ

നനഞ്ഞൊട്ടിനില്ക്കുവാനെന്തു രസം…!!

…… കവിത……. എന്തുരസം…………..

…… അമൽദേവ്.പി.ഡി…………………

Posted in Uncategorized

അന്ത്യയാത്ര

അന്ത്യയാത്ര
യാത്രാമൊഴിച്ചൊല്ലിക്കഴിഞ്ഞാലും

എനിക്കുകൂട്ടായെന്റെ അന്ത്യയാത്രയിൽ

എന്റെ കുഴിമാടംവരെ നീയുണ്ടാവണം,

നമുക്കുകൈകൾ കോർത്ത്

ആദ്യപ്രണയത്തിന്റെ രക്തസാക്ഷികളെപോലെ

നടന്നുപോകാം….
വഴിയരികിലെ ഇലകൾകൊഴിഞ്ഞ

ആൽമരച്ചോട്ടിലിരുന്ന്

നമുക്കൊരിക്കൽക്കൂടി ഹൃദയം

പങ്കുവയ്ക്കാം..

പ്രണയോപഹാരമായി നീയെനിക്ക്

ഒരുചുവന്ന ചെമ്പരത്തിപ്പൂവു നല്കണം,

നീയെന്നിൽ ചാർത്തിയ

ഭ്രാന്തനെന്നതൂവലാണു നിന്റെ

പ്രണയോപഹാരമെന്ന് നീയറിയുമല്ലോ,

ഞാനതിന്നേറെ ഇഷ്ടപ്പെടുന്നു.

ഞാനതിന്റെ ഇതളുകൾ

ഹൃദയത്തിലും ശിരസ്സിലുമായി ചൂടാം…
ഞാൻ നിനക്ക് തരുന്നത്

എന്റെ ഹൃദയമാകും,

ഇനിയും മരിക്കാതെ

ഉറഞ്ഞുപോയ പ്രണയത്തിന്റെ

ശേഷിപ്പുകളടങ്ങിയ

ഒരു ചുവന്നഹൃദയം…
വരൂ… നമുക്കൊന്നിച്ച് നടക്കാം

ഈതെരുവുവീഥികളിലൂടെ

ആദ്യാനുരാഗികളായി…
ഒടുവിൽ എന്റെ കുഴിമാടത്തിന്റെ

വാതില്ക്കൽനിന്നു നീ

അന്ത്യയാത്രചൊല്ലി കൊണ്ട്

ഒരു പിടിമണ്ണെന്റെ ഹൃദയത്തിലേക്ക് പകരുമ്പോൾ,

നിന്റെ മറുകൈയ്യിൽ എന്റെ ഹൃദയവും കരുതണം.

പ്രണയിച്ചുകൊതിതീരാത്ത ഭ്രാന്തന്റെ

നെഞ്ചുതുരന്നെടുത്ത ചുവന്നഹൃദയം….

…… (കവിത )… അന്ത്യയാത്ര…….

…… അമൽദേവ്.പി.ഡി……………..

amaldevpd@gmail.com

Posted in കവിതകള്‍, Uncategorized

അതിരുകൾക്കപ്പുറം

——————————-

അകലങ്ങളിൽ അങ്ങുദൂരെ,
അകലെയാ,യതിരുകൾക്കപ്പുറ-
ത്തൊരുലോകമുണ്ടെന്നതാരറിവു
അവിടെയൊരാൽമര,ച്ചോട്ടിലൊരായിരം
കനവുകൾ നട്ടുവളർത്തിയാരോ…

ചിതലറ്റുവീണൊരാ
മൺകുടിൽ തന്നിലായ്
ഒരു ജന്മമിനിയും തപസ്സിരിപ്പൂ,
ചക്രവാളങ്ങൾക്കു,മപ്പുറത്തേകനായ്
അക്ഷമനായി ഞാനലഞ്ഞിരുന്നു;
ആരുമേ കാണാതെ പോയ് മറഞ്ഞു…

ഇരുളിൽ പ്രകാശമായ്
അന്നെന്റെ കൺകളിൽ
ഒരു ദിവ്യജ്യോതിസ്സു നീ പകർന്നു,
കനം വച്ച മാനത്തുരുകുന്നു മേഘങ്ങൾ
പൊഴിച്ചന്നു സ്വപ്‌നങ്ങൾ.. വേദനകൾ…

മുളപൊട്ടി മോഹങ്ങൾ
തൻ, പ്രേമഭാരത്താൽ
മുരടിച്ചിടുന്നു കരിഞ്ഞിടുന്നു
വിധിയുടെ കയ്യിലെ കളിപ്പാവപോലെ ഞാൻ
വെറുതെ ചിരിക്കുന്നു കരഞ്ഞിടുന്നു….

പതിരടർന്നകലുന്നു
അകലെയൊരുന്മാദ
ദ്വീപിലെൻ സ്വപ്നം പൊഴിഞ്ഞു വീണു.
ഇടറുന്നോരോർമ്മകൾ
ഒരുവേളയെന്തിനോ തിരികെയായ്
മന്ദം നടന്നു വന്നു;
ഒരു കുഞ്ഞു ജീവൻ തുടിച്ചു നിന്നു…

————അമൽദേവ്.പി.ഡി——–

amaldevpd@gmail.com
http://www.facebook.com/amaldevpd

Posted in ആനുകാലികം, Uncategorized

പുതുവത്സരാശംസകൾ… :)

”ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്തുവാൻ ഈ ജീവിതം മുഴുവൻ നമുക്ക് നടന്നു തീർക്കേണ്ടി വരും. അതുപോലെയാണ് സ്വപ്‌നങ്ങളും, ഓരോ ഉണർവിലും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തിന്റെ അരണ്ട ഇടനാഴിയിൽ ഒരു സൂര്യവെളിച്ചം പോലെ മിന്നിമറയും ചിലതൊക്കെ. ചിലപ്പോൾ വെളിച്ചത്തെ തല്ലിക്കെടുത്തതും.”

പുതിയപ്രഭാതങ്ങൾ, പുതിയലക്ഷ്യങ്ങൾ, പുതിയസ്വപ്നങ്ങൾ, പുതിയഓർമ്മകൾ, പുതിയരീതികൾ, പുതിയഭാഷകൾ, പുതിയഭാവങ്ങൾ, പുതിയമുഖങ്ങൾ, പുതിയരസങ്ങൾ, പുതിയഭക്ഷണങ്ങൾ, പുതിയരുചികൾ, പുതിയയാത്രകൾ, പുതിയസൗഹൃദങ്ങൾ, പുതിയകാഴ്ച്ചകൾ,… ഇങ്ങനെ പുതിയതായി നമ്മൾ മാറുന്നതും, മാറ്റുന്നതുമായ കാര്യങ്ങൾ, അവയിലെ പുതുമ നഷ്ടപ്പെടുന്നത് വരെ മാത്രം.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും നാമറിയാതെ നമ്മെ കടന്നു പോകുന്നു. ആഘോഷങ്ങളിൽ മതിമറക്കുന്ന ജീവിതങ്ങൾ, ഒരു ഭാഗത്ത് ആഘോഷമെന്തെന്നറിയാത്ത മനുഷ്യർ. ഓണവും, വിഷുവും, ക്രിസ്മസുമെല്ലാം വന്നുപോകും, ആഘോഷങ്ങൾക്ക് രുചിയിലും ഭാവത്തിലും മാറ്റങ്ങൾ വന്നുചേരും. ഇലകൾ കൊഴിഞ്ഞു പോകും, പുതുനാന്പുകൾ തളിരിടും. ഓരോ പകൽ പിറക്കുന്പോഴും നമ്മളറിയാതെ നമ്മൾ യാത്രപുറപ്പെടുന്നു. രാത്രിയിൽ കനവുകൾ നിറച്ച പട്ടുമെത്തയിൽ സുഖനിദ്രയും. സ്വപ്‌നങ്ങൾ പകൽ പോലെയാണ്, അവ വേഗതയാർന്ന നിമിഷങ്ങളാണ്, തിരക്കേറിയ യാത്രകളാണ്. ഒന്നിനുമീതെ ഒന്നായി വന്നുചേരും. സഫലമാകാതെ അവ വീണുടയും.

പുതുവർഷം ആയിരിക്കുന്നു. പതിവിലേറെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞാനും. ആഘോഷങ്ങൾക്ക് പിടികൊടുത്തില്ല. പുതുവത്സരാശംസകൾ നേർന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെയായി സന്ദേശങ്ങൾ ഒരുപാടെത്തി. ഒന്നിനും ഈ നിമിഷം വരെ മറുപടി കൊടുത്തിട്ടില്ല. കൊടുക്കണം, പുതുവർഷം നല്ലൊരു ജീവിതം സമ്മാനിക്കട്ടെ…” പതിവിലും കുറവായിരുന്നു ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞവർ. ആരെയും അങ്ങോട്ടും വിളിച്ചില്ല. ഒരു രാത്രി വഴിമാറി പകലിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നു, ഒപ്പം അതൊരു പുതുവർഷത്തിന്റെ പിറവി കൂടിയാകുന്പോൾ ആശംസാപ്രവാഹങ്ങളുടെയും, അനുഗ്രഹങ്ങളുടെയും നിമിഷങ്ങളാകും.

”നടന്നു തീർക്കാൻ ഒരുപാട് ദൂരമുണ്ട് ഇനിയും, ഈ യാത്രയിൽ കണ്ടുമുട്ടാൻ ഏറെ മുഖങ്ങളും. മറവികൂടാതെ അനുഗ്രഹങ്ങളും ആശംസകളും നേരുവാൻ മനസ്സുണ്ടാകണം. ചിലരെ ഒപ്പം കൂട്ടേണ്ടി വരും, ചിലരെ അകറ്റി നിർത്തേണ്ടി വരും. എങ്കിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഞ്ഞു തുള്ളികൾ എന്നും നമ്മിൽ പതിക്കട്ടെ. എന്റെ എല്ലാ കൂട്ടുകാർക്കും, സഹോദരങ്ങൾക്കും സ്നേഹാദരങ്ങളോടെ ഒരു പുതുവർഷപ്പുലരി നേരുന്നു….

പുതുവത്സരാശംസകൾ… 🙂

അമൽദേവ്.പി.ഡി
———————–
https://mizhipakarppukal.blogspot.in

Posted in Uncategorized

ഹൃദയം നീറി നീറി മരിക്കുകയാണ്, എത്ര കാലം അറിയില്ല;

ഹൃദയം നീറി നീറി മരിക്കുകയാണ്, എത്ര കാലം അറിയില്ല;

മനസ്സില്‍ കൊരുത്തുവച്ച ഒരുപാടു സ്വപ്നങ്ങള്‍, നടന്ന് തീര്‍ക്കാന്‍ ഒരുപാടു വഴികള്‍. ജീവിതം അര്‍ത്ഥ സമ്പുഷ്ടവുമുള്ളതാകുന്നത് എപ്പോഴൊക്കെയാണ്..

ഉള്ളില്‍ എരിഞ്ഞു തീരുന്ന കനലുകളില്‍ കയറിനില്‍ക്കുകയാണ് ഞാന്‍. എന്‍റെ കൈകള്‍ക്ക് ശക്തിയില്ലാതെയായിരിക്കുന്നു, കണ്ണുകള്‍ക്ക് നിന്‍റെ സൃഷ്ടികളെ കണ്ട് ആസ്വദിക്കാനാകുന്നില്ല, കാലുകള്‍ തളര്‍ന്നിരിക്കുന്നു ഒരു പടി മുന്നോട്ടുപോകുവാന്‍ ആകാതെയായി, വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ഒറ്റപ്പെടുകയാണ്. എന്‍റെ ദൈവമേ, നിനക്കറിയാം എന്നും നിന്നെ സാക്ഷി നിര്‍ത്തി ഞാന്‍ ചെയ്ത പാപങ്ങള്‍.. നിന്‍റെ സാമീപ്യത്തെ അറിയാതെ നിന്‍റെ അഭിപ്രായത്തെ മാനിക്കാതെ ഞാന്‍ വളര്‍ന്നു, എന്‍റെ തെറ്റ്.

ആരെയും കാണാതെ ആരെയും വകവയ്ക്കാതെ ഒരു തെമ്മാടിയെ പോലെ, വിരസമായി അലഞ്ഞു നടക്കാന്‍ ചിലപ്പോള്‍ തോന്നും, ചിലപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ സ്‌നേഹത്തിന്‍റെ തണല്‍മരമായി വളരാനും. നല്ലതിനേക്കാള്‍ ചീത്തയാണല്ലോ പെട്ടന്ന് വഴങ്ങുക, അതായിരിക്കാം ഞാന്‍ ഇത്തരത്തില്‍ ഒരു കത്തെഴുതാന്‍ പ്രേരിതനായത്..
ആത്മഹത്യയെ കുറിച്ച് ഒരുപാടു ആലോചിച്ചു, പക്ഷെ എന്തുകൊണ്ടോ ആത്മഹത്യയേയും അത് ചെയ്യുന്നവരോടും എനിക്ക് താല്പര്യമില്ല. മടുപ്പുകലര്‍ന്ന ഈ ജീവിതത്തില്‍ നിന്നും എനിക്ക് മോചിതനാകണം. എന്‍റെ രീതിയെ, എന്‍റെ ഇഷ്ടങ്ങളെ തിരിച്ചറിയാനുള്ള ശക്തി എനിക്ക് പണ്ടെ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സ്വപ്നങ്ങളെ തച്ചുടച്ചുകളയാന്‍ തിടുക്കം കൂട്ടുകയാണ് ഇവിടെ ഞാന്‍.
എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങളെകുറിച്ച് മാത്രമേ ആലോചിക്കാനും പ്രവര്‍ത്തിക്കാനും സമയമുള്ളു. എന്തിനാണ് ഇങ്ങനെയൊരു ജന്മം. രാത്രിയുടെ കറുത്ത കണ്ണാടികൂടിനുള്ളിലൂടെ കണ്ണിലേക്കരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങളെ നോക്കിയിരിക്കാറുണ്ട്, സ്വപ്നങ്ങളെ ബലി കൊടുത്ത് അടര്‍ന്നകലുന്ന ആത്മാവിനെ കുറിച്ചാലോചിച്ച് ഞാന്‍ കരയുമായിരുന്നു. സത്യങ്ങള്‍ എത്രമാത്രം സത്യമായിരിക്കും. ഈ ലോകം വളരുകയാണ് പക്ഷെ എന്‍റെ സ്വപ്നങ്ങള്‍. . എന്‍റെ ജീവിതം. . എവിടെ വരെ. .
ഒരുപാടു വിഷമസന്ധികള്‍ ഉണ്ടായിട്ടുണ്ട്, സംശയകരമായ ചിന്തകളിലെന്നില്‍ കൂടുകൂട്ടുന്നുണ്ടായിരുന്നു, അവ എന്നെ വിടാതെ പിന്തുടരുന്നു. മറക്കാനും മരിക്കാനും കഴിയാത്ത അവസ്ഥ… എങ്കിലും എന്‍റെ കാതുകളില്‍ മുഴങ്ങുന്നത് എനിക്കറിയാം എന്‍റെ ആത്മാവ് എന്നെ വിട്ടകലുവാന്‍ വെമ്പുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം എന്‍റെ ആത്മാവ് കൊതിക്കുന്നതില്‍ എന്താണ് തെറ്റ്. എന്‍റെ ആത്മാവ് സ്വയം തേടിയിറങ്ങുകയാണ് സന്തോഷവും സമാധാനവും സ്‌നേഹവും കിട്ടുന്ന മറ്റൊരിടം.

എന്‍റെ സ്വപ്നങ്ങളില്‍ പങ്കുകൊണ്ട് എന്‍റെ ആത്മാവ് സന്തോഷിക്കുന്ന ഒരു ദിനം ഇനിയില്ല, വെന്തെരിയുന്ന കനലിന്‍റെ ചൂട് എന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കുന്നു, ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ്. ഇനിയും തെറ്റുകളിലേക്ക് യാത്ര തിരിക്കയാകാം, എങ്കിലും ദൈവമേ നിന്‍റെ ലോകം എത്ര സുന്ദരമായിരുന്നു, സന്തോഷപ്രദമായിരുന്നു. അതിലെ സുന്ദര സ്വപ്നങ്ങളെ എരിച്ചുകളയുന്ന ചിതകളിലേക്ക് ഇനിയൊരു ജീവനേയും എറിയരുതേ..
**********************************************************************************

Posted in കവിതകള്‍, Uncategorized

ഹൃദയമാമല

ഹൃദയമാമലമേലേ വാഴും
അയ്യനയ്യപ്പാ… എന്റെ
ശരണഗീതം കേട്ടിടേണം
കലിയുഗവരദാ… (ഹൃദയമാമല…)

മണ്ഡലവിളക്കുനേർന്നു
മാലയിട്ടന്ന്… ഞങ്ങൾ
ഇരുമുടിക്കെട്ടേറ്റി മാമല-
യേറിടുന്നയ്യ… (ഹൃദയമാമല…)

വൃശ്ചികപ്പുലരി പൂക്കും
പൂമലമേലേ… എന്നും
വന്നു ഞങ്ങൾ തൊഴുതിടുന്നു
നിൻ തിരുനടയിൽ… (ഹൃദയമാമല…)

പേട്ടതുള്ളി പാട്ടുപാടി
വാവരു സ്വാമിയെ തൊഴുതു,
സ്വാമിപാദം തേടിഞങ്ങൾ
മലകയറുന്നു… (ഹൃദയമാമല…)

പന്പയിൽ കുളികഴിഞ്ഞു
ശരണമന്ത്രമുരുവിടുന്നു
ശബരിഗിരിനാഥാ… സ്വാമി
ശരണമയ്യപ്പാ… (ഹൃദയമാമല…)

പുണ്യദർശനമൊന്നുമാത്ര-
മെന്നുമെന്നുള്ളിൽ… അയ്യാ
കൂടെ വന്നെൻ കൈപിടിച്ചീ,
മലകയറ്റീടൂ… (ഹൃദയമാമല…)

പടിപതിനെട്ടും കയറി
സന്നിധാനത്തണഞ്ഞപ്പോൾ
സ്വാമിമന്ത്രമൊന്നുമാത്രം
ഞങ്ങളറിയുന്നു… (ഹൃദയമാമല…)

സ്വാമിനാമ,മെന്നുമെന്റെ
ഹൃത്തടത്തിങ്കൽ… നിറയും
നെയ്തിരിയായ് ഉരുകിടുന്നു
പാപഭാരങ്ങൾ… (ഹൃദയമാമല…)

മഞ്ഞുവീഴും മകരനാളിൽ
നീയുദിച്ചെന്നാൽ… സ്വാമി
ശരണമന്ത്രധ്വനികളാമല
കീഴടക്കുന്നു… (ഹൃദയമാമല…)

പുണ്യമാസക്കാലമെന്നും
പൂവണിഞ്ഞു,മാനസങ്ങൾ
പാടിടുന്നു സ്വാമിഗീതം
ശരണമയ്യപ്പാ… സ്വാമി (ഹൃദയമാമല…)

********** അമൽദേവ്.പി.ഡി ******

Posted in കവിതകള്‍, Uncategorized

ഓര്‍മ്മമാത്രം

മറക്കില്ലൊരിക്കലും മധുരമായ് പാടുന്ന
കാക്കക്കുയിലേ നിന്‍ മൗനഗാനം
മിഴിക്കുമ്പിളില്‍ തട്ടിയുടയുന്ന മാത്രകള്‍
മഴവില്ലിന്‍ ചന്തമോടാനയിപ്പൂ…

നിന്‍ സ്വരം മാത്രമാണെന്നുമെന്നീണമായ്
ഹൃദ്യമായ് ഹൃത്തടം പുല്‍കുന്നു ഞാന്‍
നാളെയൊരിക്കലെന്‍ കൈവിരല്‍ തുമ്പിനാല്‍
നിന്‍ സ്വപ്‌നഗേഹം ഞാന്‍ പണിതുയര്‍ത്താം.

വിടപറയും മുന്‍പേ,യടര്‍ന്നുപോയന്നു നീ
വാടിത്തളര്‍ന്നൊരു കാട്ടുപൂവായ്,
കോടിജന്മങ്ങളായ് കാത്തുകാത്തങ്ങു ഞാന്‍
നിന്‍ സ്വരം തേടിയലഞ്ഞിരുന്നു.

എന്തിനു ദേവതേ നിന്‍ നിഴലെന്നെവി-
ട്ടെന്തിനോ തേങ്ങിപ്പിടഞ്ഞിരുന്നു
എന്നും നിനക്കായ് കാത്തുവക്കും പ്രേമ-
ഗന്ധമായ് ഗാനമായ് നിഴലായി ഞാന്‍…

നീളുന്ന മാത്രകള്‍ നുണയുന്ന മധുവുമായ്
നിരയിട്ടൊരോര്‍മ്മകളെന്നുമെന്നില്‍
ഉറവുപൊട്ടി,ച്ചാലുകീറിയാ കവിളത്ത്
കനമേറുമോര്‍മ്മകളൊഴുകിടുന്നു…

വിധിയുടെ വീഥിയില്‍ ചലനമറ്റന്നു ഞാന്‍
ചിരിയൂര്‍ന്നുവീണൊരു പാവായായി.
മറവിതന്‍ ചിതല്‍കാടു തേടുന്നൊരോര്‍മ്മകള്‍
ചന്ദന,ച്ചിതയിലിന്നുറങ്ങിടുന്നു…
————————————————————-

അമല്‍ദേവ്.പി.ഡി
———————————————-
http://www.facebook.com/amaldevpd

Posted in ആനുകാലികം, Uncategorized

പോയ്‌ മറഞ്ഞ ദിനങ്ങള്‍…..

ആഘോഷരാവുകളെയെല്ലാം അതിഭീകരവും ഭയാനകരവും ചിലപ്പോഴൊക്കെ സമാധാനപരവുമായ ചിന്തകളും വിചാരങ്ങളും പകൽ സ്വപ്നങ്ങളുമൊക്കെയായി, ഇരുൾ മൂടി കനം വച്ച ഒറ്റമുറിയുടെ ഏകാന്തതയിൽ തളച്ചിട്ടു… ഉത്സവപ്രതീതി തീർക്കുന്ന ഓർമ്മകളുടെ ഒടിഞ്ഞു തൂങ്ങിയ മരച്ചില്ലയിൽ ഞാനെന്റെ ഓർമ്മകളുമൊത്ത് ഊഞ്ഞാലയാടിക്കളിച്ചു… വിധിയുടെ വിരൽ തുമ്പിൽ പിടിച്ച് എനിക്ക് മുൻപേ നടന്ന ദേഹം, തലമുറയായി കൈമാറികിട്ടിയ സ്നേഹകരലാളനകളും പ്രതീക്ഷമുളപൊട്ടി വിടരുന്ന മനസ്സാന്നിധ്യവുമായി കൂടെ നിന്നിരുന്നു… ദിനങ്ങളോരോന്നും എണ്ണിയെണ്ണി പാതി തുറന്ന ജാലക കോണിൽ നിന്നു മടർന്നു വീഴുന്ന വെള്ളി നൂലിഴകളുടെ നീളമകന്ന്, മുൻപെപ്പോഴോ വിതച്ച സ്വപ്നങ്ങളെ, രാത്രിയുടെ പാതിയിലെപ്പോഴോ കൊയ്തെടുക്കുന്ന നിമിഷങ്ങൾ… വിരുന്നെത്തിയ ചിങ്ങനിലാവിനും മടി, അത്തം പത്തെണ്ണിയില്ല, മുറ്റത്ത് പൂക്കളമിട്ടില്ല, തിരുവോണ മെത്തിയതറിഞ്ഞുമില്ല, വേലിക്കലോളം വന്നെത്തി നോക്കി തിരികെ പോയ മഹാബലി തമ്പുരാനും ഒരിറ്റു കണ്ണുനീർ പൊഴിച്ചു കടന്നു പോയ്… പകലുകൾ രാത്രികൾ ദിനങ്ങളോരോന്നും പടി കടന്നു, തിരികെ കിട്ടാത്ത നല്ല ദിനങ്ങളും നിമിഷങ്ങളും ഓർമ്മകളിൽ നിറച്ച് വീണ്ടും നാളെയുടെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ജീവിത വ്യാപാരം തുടരുന്നു…

http://mizhipakarppukal.blogspot.in/2015/09/blog-post.html