തീരം

—–
ഓളങ്ങളലത്തല്ലി
തീരത്തടുക്കുന്ന
ഓടത്തിൽ
ഓട്ടുവളകളുമായി
ഞാനെത്തിയനേരം.
കനംവച്ച
കാർമേഘങ്ങളെ സാക്ഷിയാക്കി,
തീരത്ത് നീപതിച്ച
കാൽപ്പാടുകളെന്നോട് ചൊല്ലി;
അവളൊരു കള്ളി.

കൈക്കുള്ളിൽ
ഞെരിഞ്ഞമർന്ന
ഓട്ടുവളപ്പൊട്ടുകളിൽ
ഒരു സംശുദ്ധ
പ്രണയത്തിന്റെ
രക്തം പുരണ്ടു.
പിന്നെയും,
കാൽപ്പാടുകൾ നീളെപ്പരന്നു.
പൊട്ടിച്ചിതറിയ
വളപ്പൊട്ടുകൾക്ക് മേലെ
നിന്റെ മൃദുലപാദം
മാപ്പുചോദിക്കുന്നു.

മടിക്കുത്തിലൊതുക്കിയ
പ്രണയകാവ്യങ്ങൾ
ഞാനാതിരയിലെറിഞ്ഞു,
തിരിഞ്ഞു നടക്കാനായില്ല;
നേരെ
കടലിന്റെ ആഴങ്ങളിലേക്ക്…

”എന്റെ രക്തം പുരണ്ട
വളപ്പൊട്ടുകൾക്കറിയാം
ഈ തീരം കവർന്നെടുത്ത
പ്രണയരസത്തെ”
—————————-
—————————-
അമൽദേവ്.പി.ഡി.
—————————-
amaldevpd@gmail.com

Advertisements

കടലുവറ്റി കണ്ണീരുവറ്റി

കടലുവറ്റി കണ്ണീരുവറ്റി
കനിവിന്‍റെ കടലാസുതോണി മുങ്ങി.
കതിരുലഞ്ഞു വെയില്‍വെട്ടമെത്തി
മഴയുടെ നീര്‍ച്ചാലു,കഥകളായി…

ഇടിവെട്ടി മഴപെയ്ത നാളുകളില്‍
മഴയെനിക്കുത്സവമായിരുന്നു.
കാത്തുവയ്ക്കാനൊരു തുള്ളിപോലും
മാറ്റിവയ്ക്കാതന്നതാരെടുത്തു…

മറയുന്ന മാനവ സ്വപ്‌നങ്ങളില്‍
ഒരു തുള്ളിയാരോ കടംപറഞ്ഞു.
വിധിയുടെ വേനല്‍ പുതപ്പിനുള്ളില്‍
ഒരു മഴക്കാലം ഉറക്കമായി…

വെട്ടിവെളുപ്പിച്ചൊടുക്ക,മടക്കിയാ-
പച്ചയാം ഭൂമിതന്‍ മാറിലെന്നും,
മഞ്ഞിന്‍ തണുപ്പേറ്റുപൊഴിയുവാന്‍
ചില്ലമേല്‍, ഇലകളില്ല കാട്ടുപൂക്കളില്ല.

സ്വയമാചിതയിലായ് ഭൂമിയെങ്ങും
കനലുപോലെരിയുന്നതാരറിവു,
മരണക്കിടക്കയിലൊരു വൃദ്ധകോമാളി
കണ്ണുനീര്‍ വാര്‍ക്കുന്നതെന്തിനിന്ന്.

കാടും പുഴയും കാട്ടുതേനും
നാടുമിടവഴികോണുകളും
പൂവും പുതുമഴഗന്ധമെന്നും
പാട്ടില്‍പതിയുന്നൊരോര്‍മ്മകളായ്…

കനിവാര്‍ന്ന പ്രകൃതിതന്‍ സമ്മാനമായ്
കതിരുകള്‍പൂത്തു വിടര്‍ന്നു നിന്നു,
ചപലമോഹങ്ങള്‍തന്‍ വേലിപ്പടര്‍പ്പുകള്‍
അതിരുകെട്ടി,ക്കതിരുകൊയ്‌തെടുത്തു.

വെറുംവാക്കിലൊഴുകിപ്പരക്കുന്ന മോഹങ്ങള്‍
തീരത്തണയുന്ന തിരകള്‍പോലെ
ആഴക്കയത്തിലേക്കൊഴുകിപ്പരക്കുന്ന,
കണ്ണുനീര്‍തുള്ളികള്‍ സ്വപ്‌നങ്ങളായ്…

എഴുതിയത് – അമല്‍ദേവ്.പി.ഡി
https://mizhipakarppukal.blogspot.in/2017/01/blog-post_27.html
http://www.facebook.com/amaldevpd

പുതുവത്സരാശംസകൾ… :)

”ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്തുവാൻ ഈ ജീവിതം മുഴുവൻ നമുക്ക് നടന്നു തീർക്കേണ്ടി വരും. അതുപോലെയാണ് സ്വപ്‌നങ്ങളും, ഓരോ ഉണർവിലും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തിന്റെ അരണ്ട ഇടനാഴിയിൽ ഒരു സൂര്യവെളിച്ചം പോലെ മിന്നിമറയും ചിലതൊക്കെ. ചിലപ്പോൾ വെളിച്ചത്തെ തല്ലിക്കെടുത്തതും.”

പുതിയപ്രഭാതങ്ങൾ, പുതിയലക്ഷ്യങ്ങൾ, പുതിയസ്വപ്നങ്ങൾ, പുതിയഓർമ്മകൾ, പുതിയരീതികൾ, പുതിയഭാഷകൾ, പുതിയഭാവങ്ങൾ, പുതിയമുഖങ്ങൾ, പുതിയരസങ്ങൾ, പുതിയഭക്ഷണങ്ങൾ, പുതിയരുചികൾ, പുതിയയാത്രകൾ, പുതിയസൗഹൃദങ്ങൾ, പുതിയകാഴ്ച്ചകൾ,… ഇങ്ങനെ പുതിയതായി നമ്മൾ മാറുന്നതും, മാറ്റുന്നതുമായ കാര്യങ്ങൾ, അവയിലെ പുതുമ നഷ്ടപ്പെടുന്നത് വരെ മാത്രം.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും നാമറിയാതെ നമ്മെ കടന്നു പോകുന്നു. ആഘോഷങ്ങളിൽ മതിമറക്കുന്ന ജീവിതങ്ങൾ, ഒരു ഭാഗത്ത് ആഘോഷമെന്തെന്നറിയാത്ത മനുഷ്യർ. ഓണവും, വിഷുവും, ക്രിസ്മസുമെല്ലാം വന്നുപോകും, ആഘോഷങ്ങൾക്ക് രുചിയിലും ഭാവത്തിലും മാറ്റങ്ങൾ വന്നുചേരും. ഇലകൾ കൊഴിഞ്ഞു പോകും, പുതുനാന്പുകൾ തളിരിടും. ഓരോ പകൽ പിറക്കുന്പോഴും നമ്മളറിയാതെ നമ്മൾ യാത്രപുറപ്പെടുന്നു. രാത്രിയിൽ കനവുകൾ നിറച്ച പട്ടുമെത്തയിൽ സുഖനിദ്രയും. സ്വപ്‌നങ്ങൾ പകൽ പോലെയാണ്, അവ വേഗതയാർന്ന നിമിഷങ്ങളാണ്, തിരക്കേറിയ യാത്രകളാണ്. ഒന്നിനുമീതെ ഒന്നായി വന്നുചേരും. സഫലമാകാതെ അവ വീണുടയും.

പുതുവർഷം ആയിരിക്കുന്നു. പതിവിലേറെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞാനും. ആഘോഷങ്ങൾക്ക് പിടികൊടുത്തില്ല. പുതുവത്സരാശംസകൾ നേർന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെയായി സന്ദേശങ്ങൾ ഒരുപാടെത്തി. ഒന്നിനും ഈ നിമിഷം വരെ മറുപടി കൊടുത്തിട്ടില്ല. കൊടുക്കണം, പുതുവർഷം നല്ലൊരു ജീവിതം സമ്മാനിക്കട്ടെ…” പതിവിലും കുറവായിരുന്നു ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞവർ. ആരെയും അങ്ങോട്ടും വിളിച്ചില്ല. ഒരു രാത്രി വഴിമാറി പകലിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നു, ഒപ്പം അതൊരു പുതുവർഷത്തിന്റെ പിറവി കൂടിയാകുന്പോൾ ആശംസാപ്രവാഹങ്ങളുടെയും, അനുഗ്രഹങ്ങളുടെയും നിമിഷങ്ങളാകും.

”നടന്നു തീർക്കാൻ ഒരുപാട് ദൂരമുണ്ട് ഇനിയും, ഈ യാത്രയിൽ കണ്ടുമുട്ടാൻ ഏറെ മുഖങ്ങളും. മറവികൂടാതെ അനുഗ്രഹങ്ങളും ആശംസകളും നേരുവാൻ മനസ്സുണ്ടാകണം. ചിലരെ ഒപ്പം കൂട്ടേണ്ടി വരും, ചിലരെ അകറ്റി നിർത്തേണ്ടി വരും. എങ്കിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഞ്ഞു തുള്ളികൾ എന്നും നമ്മിൽ പതിക്കട്ടെ. എന്റെ എല്ലാ കൂട്ടുകാർക്കും, സഹോദരങ്ങൾക്കും സ്നേഹാദരങ്ങളോടെ ഒരു പുതുവർഷപ്പുലരി നേരുന്നു….

പുതുവത്സരാശംസകൾ… 🙂

അമൽദേവ്.പി.ഡി
———————–
https://mizhipakarppukal.blogspot.in

നിഴലും വെളിച്ചവും. (ചെറുകഥ – അമല്‍ദേവ്.പി.ഡി)

പൊട്ടിയ ചെരുപ്പ്, നൂലുകൊണ്ട് കൂട്ടിചേര്‍ക്കുകയായിരുന്നു, അനു മോള്‍ക്ക് നാളെ സ്‌കൂളില്‍ പോകണമെങ്കില്‍ ചെരുപ്പ് വേണം. ചെരുപ്പ് പൊട്ടിയ പേരില്‍ കരയാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി, പുതിയത് ഒരെണ്ണം വാങ്ങാമെന്നു വച്ചാലോ രണ്ട് നേരത്തെ ആഹാരത്തിന് തികയുന്നില്ല സമ്പാദ്യം. അടുപ്പില്‍ തീ പുകയുത് തന്നെ ദിവസത്തില്‍ ഒരു തവണ മാത്രം.
ആകാശത്തിനു കീഴെ ഭൂമി അതിനും താഴെ എന്താണാവോ.. ഒരു ദിവസം തന്നെ വട്ടമെത്തിക്കാന്‍ നന്നേ പാടുപെടുമ്പോഴാണ് അനുമോള്‍ക്ക് പരീക്ഷ ഫീസ്, ചെരുപ്പ് തുടങ്ങിയ ചിലവുകള്‍. നാല് തൂണില്‍ ചാരി വച്ചിരിക്കാണെ് തോന്നും സൈനബയുടെ വീട് കണ്ടാല്‍. സൈനബയുടെ വിവാഹം ഇതുവരെ ആരും അംഗീകരിക്കാത്ത ഒന്നാണ്. കൂടെ പഠിച്ചിരു ഹരീഷ് എന്ന യുവാവുമായായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സമുദായാംഗങ്ങളുമെല്ലാം ഇവരുടെ ഇഷ്ടത്തിന് എതിരായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്ന കൂട്ടുകാര്‍ മാത്രമാണ് അന്ന് ഇവരുടെ കൂടെ നിന്നത്. അതും സമുദായവും ബന്ധുക്കളും അറിയാതെ മാത്രം.
പഠനം കഴിഞ്ഞ കാലത്ത് കൂട്ടുകാരൊക്കെ ചേര്‍ന്ന് അവരുടെ ജീവിതം കൂട്ടിചേര്‍ത്തു, ഇപ്പോള്‍ ആ സുഹൃത്തുക്കളൊക്കെ എവിടെയാണ്, അറിയില്ല. യാത്ര പോകലും കളിയും ചിരിയും ഒക്കെയുമായി ആദ്യകാലത്ത് നല്ല സന്തോഷഭരിതമായിരുന്നു ഇവരുടെ ജീവിതം. വിവാഹത്തിന് മുന്‍പേ തന്നെ ഹരീഷിനു കിട്ടിയ ജോലിയില്‍ അവരുടെ ജീവതം സമ്പുഷ്ട്ടമായിരുന്നു. സ്വന്തമായി ഒരു ചെറിയ വീടു വച്ചു, അവര്‍ക്കൊരു കുഞ്ഞു പിറന്നു. തികച്ചും സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം.
പക്ഷെ, അവരുടെ സന്തോഷത്തിനു അധികകാലം ആയുസ്സുണ്ടായില്ല; ഹരീഷിന്‍റെയും സൈനബയും വിവാഹത്തിന്‍റെ പേരിലുള്ള തര്‍ക്കങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തമ്മില്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു. എന്തുവന്നാലും നമ്മല്‍ ഒന്നായിരിക്കും , ഒരിക്കലും പിരിയില്ല എന്ന നിലപാടിലായിരുന്നു ഇവരും. ഒരാളുടെ ജീവിതത്തില്‍ നിഴല്‍ വീഴുന്നത് എപ്പോഴൊക്കെയാണെന്ന്‍ പറയാന്‍ കഴിയില്ല. വിവാഹിതരാകാന്‍ തീരുമാനിക്കുന്ന സമയത്ത് ഒന്നായിരുന്ന ചിന്തകളും ആഗ്രഹങ്ങളും എല്ലാം രണ്ടാകുന്ന ഒരവസ്ഥയാണ് തങ്ങള്‍ക്കു ഒരു മകളുണ്ടായത്തിനു ശേഷം അവരില്‍ രൂപപെട്ടത്‌; അതുവരെ ജാതിയും മതവുമോന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല, പക്ഷെ, എപ്പോഴൊക്കെയോ അനുമോളെ ഏത് ജാതിയില്‍ പെടുത്തണം എങ്ങനെ വളര്‍ത്തണം എന്നോക്കെയുള്ള വര്‍ത്തമാനം ഇവരുടെ ഇടയില്‍ ഒരു കറുത്ത നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരുന്നു. നാട്ടുകാരിലും ഒരുപോലെ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ഇതു വലിയ തര്‍ക്കങ്ങളുണ്ടാക്കി;
തന്‍റെ മകളെ ഹിന്ദുവായി വളര്‍ത്താം എന്ന ആഗ്രഹം ഹരീഷാണ് മുമ്പോട്ട് വച്ചത്, ഹരീഷിന്‍റെ കുടുംബത്തിന്‍റെ പരോക്ഷമായ ആഗ്രഹപ്രകാരമായിരുന്നു ഹരീഷ് ഇങ്ങനെ ഒരു ആവശ്യം സൈനബക്ക് മുന്നില്‍ വച്ചത്; പക്ഷെ മുസ്ലീം സമുദായത്തില്‍ മതിയെന്ന വാദവുമായി സൈനബയും രംഗത്ത് വന്നു. ജാതിയും മതവും കെട്ടിപ്പിടിച്ചവര്‍ക്കൊക്കെ ഇത് അസുലഭ നിമിഷങ്ങളായിരുന്നു. രണ്ട് പേരുടേയും സമുദായം രംഗം സജീവമാക്കി. ഹരീഷുമായി ഹിന്ദു സമുദായം പല ചര്‍ച്ചകള്‍ക്ക് വിളിച്ചു, സൈനബയെ മുസ്ലീം സമുദായവും. സമുദായങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി;
സന്തോഷം നിലനിന്നിരുന്ന അവരുടെ കൊച്ചു വീട്ടില്‍ പിന്നീട് ഒച്ചയും ബഹളവുമൊുമില്ലാതെയായി. അന്ന്യോന്യം മിണ്ടാതെയായി; കുഞ്ഞ് വളര്‍ന്നു വരികയാണ്. അവളുടെ കാര്യങ്ങളില്‍ അമ്മയുടെ ശ്രദ്ധ എല്ലായ്‌പ്പോഴും വേണ്ടിവരും. സൈനബയുടെ കാര്യത്തിലും അനുമോള്‍ടെ കാര്യത്തിലും ഹരീഷിന് ശ്രദ്ധ കുറഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞു നേരത്തെ വീട്ടില്‍ എത്തിയിരുന്ന ഹരീഷ് എന്നും വൈകിയാണ് ഇപ്പോള്‍ എത്തുന്നത്‌; ഹരീഷും സൈനബയും തമ്മില്‍ നിരന്തരം കലഹമായി വീട്ടില്‍. സമാധാനമായി ജീവിക്കാന്‍ രണ്ട് പേര്‍ക്കും കഴിയാതെയായി. എങ്കിലും സൈനബയും ഹരിഷും തങ്ങളുടെ വാക്കില്‍ ഉറച്ചു നിന്നിരുന്നു, കുഞ്ഞിന്‍റെ കാര്യത്തില്‍ ആരും താഴ്ന്നു കൊടുത്തില്ല.
ഒരു കാലത്ത് ആഘോഷങ്ങളും എല്ലാം സന്തോഷത്തോടെ ആഘോഷിച്ചിരുന്ന അവരുടെ ഇപ്പോഴത്തെ ജീവിതത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയായി. അനുമോള്‍ക്ക് ഒരു വയസ്സാകുകയാണ്, പതിവുപോലെ ഹരീഷ് അന്നും ജോലിക്ക് പോയി, തിരിച്ച് വരാന്‍ ഒരു പാടുവൈകുന്നത് കണ്ട് സൈനബ ഭയന്നിരുന്നു. അന്ന് നേരം വെളുക്കുവോളം ഹരീഷിനെ നോക്കി ഉമ്മറപ്പടിയിലിരുന്നു അവള്‍.
പതിവുപോലെ രാവിലെ എഴുന്നേറ്റു ഉമ്മറത്തെത്തിയപ്പോള്‍ കണ്ടത് വീടിന്‍റെ മുന്‍പിലായി ആളുകള്‍ കൂടി നില്‍ക്കുന്നതാണ്. അവര്‍ക്കിടയില്‍ പലതരത്തിലുള്ള സംസാരം ഉടലെടുത്തിരുന്നു. കാര്യം അന്വേഷിച്ച സൈനബക്ക് മുമ്പില്‍ ആരും ഒന്നും പറഞ്ഞില്ല. ആശ്വാസത്തിന്‍റെ വാക്കുകള്‍ ചിലയിടത്തുനിന്നും സൈനബ കേള്‍ക്കുണ്ടായിരുന്നു. വീടിനു മുന്നിലേക്ക് എത്തിചേര്‍ന്ന ആംബുലന്‍സില്‍ നിന്നും നാട്ടുകാര്‍ ചേര്‍ന്ന് ഹരീഷിന്‍റെ മൃതദേഹം വീടിനുള്ളില്‍ കിടത്തി. വെള്ളത്തുണിയില്‍ കെട്ടിപൊതിഞ്ഞ മാംസപിണ്ഢമായി ഷരീഷ്. എല്ലാം നോക്കിനില്‍ക്കാനെ സൈനബക്ക് കഴിഞ്ഞുള്ളു. ഒരു തുള്ളി കണ്ണുനീര്‍ ഒഴുകുന്നുണ്ടായില്ല. അനുമോള്‍ അവളുടെ അച്ചനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു. അവളുടെ കരച്ചില്‍ പോലും കേള്‍ക്കാനാകാത്ത വിധം തകര്‍ുപോയിരുന്നു സൈനബ. ജാതിയുടേയും മതത്തിന്‍റെയും പേരില്‍ ഒരു ജീവിതം കൂടി നഷ്ട്ടമാകുന്നു. ശരീരത്തില്‍ മുറിയാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. എല്ലാം തുന്നി ചേര്‍ത്ത് ഒരു പൊതികെട്ടായി സൈനബക്ക് മുമ്പില്‍ ഒരു ചോദ്യമായി കിടക്കുന്നു ഹരീഷ്. ഉള്ളിലെ നീറുന്ന വേദനയില്‍ അവള്‍ സ്വയം ഉരുകുകയായിരുന്നു.
ചടങ്ങുകളൊക്കെ ഹരീഷിന്‍റെ കുടുംബങ്ങള്‍ ചേര്‍ന്ന് ഹിന്ദുആചാരപ്രകാരം മുറയില്‍ നടത്തി. അതിനും തര്‍ക്കങ്ങളൊക്കെ ഉയര്‍ന്നിരുന്നു. ചിതയെരിഞ്ഞു തീര്‍ന്നു; ആളൊഴിഞ്ഞ അരങ്ങില്‍ ഒരമ്മയും കുഞ്ഞും മാത്രം. കണ്ണീര്‍വറ്റിയ കവിള്‍ തടവുമായി അനുമോള്‍ അമ്മയുടെ മുടിയില്‍ പിടിച്ച് വലിക്കുകയാണ്. ഒന്നുമറിയാത്ത ഭ്രാന്തിയെപ്പോലെ സൈനബ തറയില്‍ കിടക്കുന്നു.
നാളുകള്‍ കഴിഞ്ഞുപോയി, അനുമോള്‍ വളന്നു വരുന്നു, അവളിപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രായചിത്തമൊേണം ഹിന്ദുമതപ്രകാരം ആണ് അനുമോളെ സൈനബ വളര്‍ത്തിയിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുതിന് ഏതെങ്കിലും ഒരു ജാതിയില്‍ പെടുത്തണമായിരുന്നു സൈനബക്ക്. സൈനബ അടുത്തുള്ള ഒരു തയ്യില്‍ സെന്‍റെറില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഹരീഷിന്‍റെ മരണത്തോടെ കുടുംബത്തിലേക്കുള്ള വരുമാനം മുഴുവനായും കുറഞ്ഞിരുന്നു. അനുമോളുടെ പഠനത്തിലും ശ്രദ്ധിക്കണം, അവളുടെ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കണം. സൈനബക്ക് കിട്ടുന്ന ചെറിയ തുകയിലാണ് അവരുടെ കുടുംബം ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുത്.
”തളര്‍ച്ചയിലും ഉയര്‍ച്ചയിലും അവള്‍ അനുമോള്‍ക്ക് വേണ്ടി ജീവിച്ചു. നഷ്ട്ടങ്ങളുടെ കൈവരികളില്‍ തട്ടി അഗാധമായ ഗര്‍ത്തങ്ങളിലേക്ക് വീഴാതിരിക്കാന്‍ ഹരീഷിന്‍റെ മരണശേഷം സൈനബ പഠിച്ചിരുന്നു.” കൈയിലെ ചെരുപ്പ് തുന്നിചേര്‍ത്ത് അത് അനുമോളുടെ കാലില്‍ ഇട്ടതിനുശേഷം ആണു അവളുടെ കരച്ചില്‍ നിന്നത്. നാളെ അടയ്‌ക്കേണ്ട പരീക്ഷ ഫീസ് അനുമോളുടെ ബാഗിനുള്ളില്‍ ഭദ്രമായി വച്ചു. വിശപ്പുതളര്‍ത്തിയിരുന്ന അനുമോളുടെ കവിളുകള്‍ ഒട്ടിയിരുന്നു. രാത്രികാലങ്ങളില്‍ കുറുനരികള്‍ പാത്തും പതുങ്ങിയും ഇരുട്ടിന്‍റെ മറവില്‍ സുഖഭോഗലതയ്ക്കുവേണ്ടി സൈനബയുടെ വീടിനെ ലക്ഷ്യമിടുമായിരുന്നു.
കാലമങ്ങനെ ഓടിയകന്നു, വളര്‍ന്നു വരുന്ന അനുമോളുടെ താല്പര്യങ്ങള്‍ അവളുടെ ജീവിതമാര്‍ഗം അതൊക്കെ തന്‍റെതില്‍ നിന്നും വ്യത്യസ്ഥമാണെ് തിരിച്ചറിയുകയായിരുന്നു പിന്നീട് സൈനബ. അമ്മയെ നെഞ്ചോടുചേര്‍ത്ത് മാറിലൊട്ടികിടന്നിരുന്ന അനുമോള്‍, പഠനത്തിനായി വീട് വിട്ട് ദൂരെയാണ് . വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും കണ്ണീരുപ്പു കലര്‍ന്ന നോട്ടത്തോടെ തന്‍റെ അമ്മ തനിക്കായി കാത്തുനില്‍ക്കുന്നത് ആ മകള്‍ എപ്പോഴൊക്കെയോ മറന്നു തുടങ്ങിയിരുന്നു. ഒരു മഴക്കാലത്തിനു കാത്തുനില്‍ക്കാനാകാതെ നില്‍ക്കുന്ന വീടിനുള്ളില്‍ മകളുടെ ജീവിതം ഭദ്രമാകുന്നതിനായി പ്രാര്‍ത്ഥനയിലായിരുന്നു ആ അമ്മ. കത്തിച്ചു വച്ച മെഴുതിരിയിലെ അരണ്ട പ്രകാശം ആ അമ്മയെ നടന്നു തീര്‍ന്ന വഴികളിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അകലെ സ്വന്തം ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന അനുമോളുടെ ഓര്‍മകള്‍ പിന്നെയെപ്പോഴോ സൈനബയെ കണ്ണീരിലാഴ്ത്തിയിരുന്നു. തുന്നിചേര്‍ത്ത ചെരുപ്പും, ബാഗും പഴയ യൂണിഫോമുകളുമായി സ്‌കൂളില്‍ പോകു തന്‍റെ അനുമോള്‍..; ഈ ഇത്തിരികൂരയുടെ ചോട്ടില്‍ കളിച്ചും, ചിരിച്ചും അല്പം കരഞ്ഞും വഴക്കിടുന്ന എന്‍റെ അനുമോള്‍; വാശിപ്പുറത്തു വന്നു ചേര്‍ന്ന തീരാനഷ്ടമായിരുന്നു സൈനബയുടെ ജീവതം. എന്തിനോ വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം.
ഹരീഷിന്‍റെ വാക്കുകള്‍ക്ക് മേലെ തന്‍റെ ന്യായങ്ങള്‍ നിരത്തിയതിന്‍റെ തിക്ത ഫലം. അരവയര്‍ നിറച്ചാണെങ്കിലും കഴിയും വിധം അനുമോളുമൊത്തു ജീവിതം പങ്കുവച്ച നിമിഷങ്ങള്‍.. വര്‍ഷങ്ങളങ്ങനെ ആര്‍ത്തിരമ്പി കടന്നുപോകുന്നത് സൈനബ അറിഞ്ഞിരുന്നില്ല. ഇരുപത്തൊന്നു വര്‍ഷങ്ങള്‍, മണ്ണെണ്ണ വിളക്കിന്‍റെയും കീറിയ പുസ്തകതാളുകളുടേയും ഇടയില്‍ കിടന്നു ജീവിതം മുരടിപ്പിച്ചുകടയാന്‍ അനുമോള്‍ തയ്യാറായിരുില്ല. ഒരു തരത്തില്‍ നോക്കിയാല്‍ അതായിരിക്കും നല്ലതും. ജനിപ്പിച്ചു എന്ന തെറ്റിന് ഒരു ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ത്ത ആ അമ്മയെ വീണ്ടും കരയാന്‍ വിടുകയായിരുന്നു അനുമോള്‍. വല്ലപ്പോഴുമൊരിക്കല്‍ വരുന്ന ഒരു കൊറിയറില്‍ ഒതുങ്ങു ന്ന ബന്ധത്തിലേക്ക് അനുമോള്‍ അമ്മയെ മാറ്റിനിര്‍ത്തിയിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി സൈനബ അനുമോളെ കണ്ടിട്ടില്ല, അവള്‍ അവളുടെ ഇഷ്ടങ്ങളെ സ്‌നേഹിച്ചിരുന്നു. അവള്‍ക്ക് ജാതിയോ മതമോ തടസ്സമായിരുന്നില്ല. ആഗ്രഹങ്ങളെല്ലാം അഴിച്ചുപണിയണമെന്ന മറുപടിയാണ് മകളുടെ കത്തുകളില്‍ സ്ഫുരിക്കു വാചകങ്ങള്‍ പറയുന്നത്. ഹരീഷുമൊത്തുള്ള ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ സൈനബ തുടങ്ങിയതും മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പുകളാണ്. നിരന്തരമുള്ള പ്രേരണകളും, സമൂഹത്തിലെ തരം താഴ്ത്തലും ആ അമ്മയെ തളര്‍ത്തിയിരുന്നു. പൊളിഞ്ഞുവീഴാറായ കൂരക്കുള്ളില്‍ ചിതലരിച്ചുറങ്ങുന്ന ഓര്‍മകളെ ഉണര്‍ത്താതെ ആ അമ്മ യാത്ര ചോദിക്കുകയായിരുന്നു. താന്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഒരു പങ്ക് കഴിച്ചിരു കറുമ്പി പൂച്ചക്ക് അന്നത്തേക്കുള്ള ആഹാരം വിളമ്പിവച്ചതിനുശേഷമാണ് ആ അമ്മ കരയാന്‍ തുടങ്ങിയത്. തന്നെ വെറുക്കുന്ന ഈ ലോകത്തുനിന്നും സൈനബ പടിയിറങ്ങുകയായിരുന്നു.
തീഗോളം വാരിയിട്ട പോലെ, ആത്മാവ് വെന്തുരുകുന്ന പോലെ. ചീഞ്ഞു നാറുന്ന ശരീരത്തെ ചിതയൊരുക്കാന്‍ കൂട്ടാക്കാതെ പണ്ടാരപറമ്പില്‍ കത്തിച്ചുകളയുകയായിരുന്നു. ആര്‍ക്കും വേണ്ടാത്ത ആരുടേയുമല്ലാത്ത സൈനബ. ഒരു കണ്ണിര്‍ചാലിന്‍റെ കഥകളറ്റുപോയ ജീവിതപാതയില്‍ തണല്‍ വിരിച്ച ഒരു കാലത്തിന്‍റെ കാത്തിരിപ്പവസാനിക്കുന്നു.
ഉമ്മറപ്പടിയില്‍ ചിതലെടുത്ത കസേര ഒടിഞ്ഞുകിടക്കുന്നു. സൂര്യപ്രകാശം, തകര്‍ന്ന ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. കാലം ഓര്‍മകളെ ഓര്‍മിപ്പിക്കുമ്പോഴൊക്കെ വരുന്ന അനുമോളുടെ കത്ത് അപ്പോഴും വരുമായിരുന്നു. ഉമ്മറപ്പടിയില്‍ ആ കത്തുകളെ കാത്ത് കറുമ്പിപൂച്ചയും രാത്രിയുടെ ഇരുള്‍ നിറഞ്ഞ നിഴല്‍പാടുകളും പകലിന്‍റെ വെളിച്ചവും മാത്രം.
*********

നിഴലും വെളിച്ചവും. (ചെറുകഥ – അമല്‍ദേവ്.പി.ഡി)

ഹൃദയം നീറി നീറി മരിക്കുകയാണ്, എത്ര കാലം അറിയില്ല;

ഹൃദയം നീറി നീറി മരിക്കുകയാണ്, എത്ര കാലം അറിയില്ല;

മനസ്സില്‍ കൊരുത്തുവച്ച ഒരുപാടു സ്വപ്നങ്ങള്‍, നടന്ന് തീര്‍ക്കാന്‍ ഒരുപാടു വഴികള്‍. ജീവിതം അര്‍ത്ഥ സമ്പുഷ്ടവുമുള്ളതാകുന്നത് എപ്പോഴൊക്കെയാണ്..

ഉള്ളില്‍ എരിഞ്ഞു തീരുന്ന കനലുകളില്‍ കയറിനില്‍ക്കുകയാണ് ഞാന്‍. എന്‍റെ കൈകള്‍ക്ക് ശക്തിയില്ലാതെയായിരിക്കുന്നു, കണ്ണുകള്‍ക്ക് നിന്‍റെ സൃഷ്ടികളെ കണ്ട് ആസ്വദിക്കാനാകുന്നില്ല, കാലുകള്‍ തളര്‍ന്നിരിക്കുന്നു ഒരു പടി മുന്നോട്ടുപോകുവാന്‍ ആകാതെയായി, വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ഒറ്റപ്പെടുകയാണ്. എന്‍റെ ദൈവമേ, നിനക്കറിയാം എന്നും നിന്നെ സാക്ഷി നിര്‍ത്തി ഞാന്‍ ചെയ്ത പാപങ്ങള്‍.. നിന്‍റെ സാമീപ്യത്തെ അറിയാതെ നിന്‍റെ അഭിപ്രായത്തെ മാനിക്കാതെ ഞാന്‍ വളര്‍ന്നു, എന്‍റെ തെറ്റ്.

ആരെയും കാണാതെ ആരെയും വകവയ്ക്കാതെ ഒരു തെമ്മാടിയെ പോലെ, വിരസമായി അലഞ്ഞു നടക്കാന്‍ ചിലപ്പോള്‍ തോന്നും, ചിലപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ സ്‌നേഹത്തിന്‍റെ തണല്‍മരമായി വളരാനും. നല്ലതിനേക്കാള്‍ ചീത്തയാണല്ലോ പെട്ടന്ന് വഴങ്ങുക, അതായിരിക്കാം ഞാന്‍ ഇത്തരത്തില്‍ ഒരു കത്തെഴുതാന്‍ പ്രേരിതനായത്..
ആത്മഹത്യയെ കുറിച്ച് ഒരുപാടു ആലോചിച്ചു, പക്ഷെ എന്തുകൊണ്ടോ ആത്മഹത്യയേയും അത് ചെയ്യുന്നവരോടും എനിക്ക് താല്പര്യമില്ല. മടുപ്പുകലര്‍ന്ന ഈ ജീവിതത്തില്‍ നിന്നും എനിക്ക് മോചിതനാകണം. എന്‍റെ രീതിയെ, എന്‍റെ ഇഷ്ടങ്ങളെ തിരിച്ചറിയാനുള്ള ശക്തി എനിക്ക് പണ്ടെ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സ്വപ്നങ്ങളെ തച്ചുടച്ചുകളയാന്‍ തിടുക്കം കൂട്ടുകയാണ് ഇവിടെ ഞാന്‍.
എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങളെകുറിച്ച് മാത്രമേ ആലോചിക്കാനും പ്രവര്‍ത്തിക്കാനും സമയമുള്ളു. എന്തിനാണ് ഇങ്ങനെയൊരു ജന്മം. രാത്രിയുടെ കറുത്ത കണ്ണാടികൂടിനുള്ളിലൂടെ കണ്ണിലേക്കരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങളെ നോക്കിയിരിക്കാറുണ്ട്, സ്വപ്നങ്ങളെ ബലി കൊടുത്ത് അടര്‍ന്നകലുന്ന ആത്മാവിനെ കുറിച്ചാലോചിച്ച് ഞാന്‍ കരയുമായിരുന്നു. സത്യങ്ങള്‍ എത്രമാത്രം സത്യമായിരിക്കും. ഈ ലോകം വളരുകയാണ് പക്ഷെ എന്‍റെ സ്വപ്നങ്ങള്‍. . എന്‍റെ ജീവിതം. . എവിടെ വരെ. .
ഒരുപാടു വിഷമസന്ധികള്‍ ഉണ്ടായിട്ടുണ്ട്, സംശയകരമായ ചിന്തകളിലെന്നില്‍ കൂടുകൂട്ടുന്നുണ്ടായിരുന്നു, അവ എന്നെ വിടാതെ പിന്തുടരുന്നു. മറക്കാനും മരിക്കാനും കഴിയാത്ത അവസ്ഥ… എങ്കിലും എന്‍റെ കാതുകളില്‍ മുഴങ്ങുന്നത് എനിക്കറിയാം എന്‍റെ ആത്മാവ് എന്നെ വിട്ടകലുവാന്‍ വെമ്പുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം എന്‍റെ ആത്മാവ് കൊതിക്കുന്നതില്‍ എന്താണ് തെറ്റ്. എന്‍റെ ആത്മാവ് സ്വയം തേടിയിറങ്ങുകയാണ് സന്തോഷവും സമാധാനവും സ്‌നേഹവും കിട്ടുന്ന മറ്റൊരിടം.

എന്‍റെ സ്വപ്നങ്ങളില്‍ പങ്കുകൊണ്ട് എന്‍റെ ആത്മാവ് സന്തോഷിക്കുന്ന ഒരു ദിനം ഇനിയില്ല, വെന്തെരിയുന്ന കനലിന്‍റെ ചൂട് എന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കുന്നു, ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ്. ഇനിയും തെറ്റുകളിലേക്ക് യാത്ര തിരിക്കയാകാം, എങ്കിലും ദൈവമേ നിന്‍റെ ലോകം എത്ര സുന്ദരമായിരുന്നു, സന്തോഷപ്രദമായിരുന്നു. അതിലെ സുന്ദര സ്വപ്നങ്ങളെ എരിച്ചുകളയുന്ന ചിതകളിലേക്ക് ഇനിയൊരു ജീവനേയും എറിയരുതേ..
**********************************************************************************

ഹൃദയമാമല

ഹൃദയമാമലമേലേ വാഴും
അയ്യനയ്യപ്പാ… എന്റെ
ശരണഗീതം കേട്ടിടേണം
കലിയുഗവരദാ… (ഹൃദയമാമല…)

മണ്ഡലവിളക്കുനേർന്നു
മാലയിട്ടന്ന്… ഞങ്ങൾ
ഇരുമുടിക്കെട്ടേറ്റി മാമല-
യേറിടുന്നയ്യ… (ഹൃദയമാമല…)

വൃശ്ചികപ്പുലരി പൂക്കും
പൂമലമേലേ… എന്നും
വന്നു ഞങ്ങൾ തൊഴുതിടുന്നു
നിൻ തിരുനടയിൽ… (ഹൃദയമാമല…)

പേട്ടതുള്ളി പാട്ടുപാടി
വാവരു സ്വാമിയെ തൊഴുതു,
സ്വാമിപാദം തേടിഞങ്ങൾ
മലകയറുന്നു… (ഹൃദയമാമല…)

പന്പയിൽ കുളികഴിഞ്ഞു
ശരണമന്ത്രമുരുവിടുന്നു
ശബരിഗിരിനാഥാ… സ്വാമി
ശരണമയ്യപ്പാ… (ഹൃദയമാമല…)

പുണ്യദർശനമൊന്നുമാത്ര-
മെന്നുമെന്നുള്ളിൽ… അയ്യാ
കൂടെ വന്നെൻ കൈപിടിച്ചീ,
മലകയറ്റീടൂ… (ഹൃദയമാമല…)

പടിപതിനെട്ടും കയറി
സന്നിധാനത്തണഞ്ഞപ്പോൾ
സ്വാമിമന്ത്രമൊന്നുമാത്രം
ഞങ്ങളറിയുന്നു… (ഹൃദയമാമല…)

സ്വാമിനാമ,മെന്നുമെന്റെ
ഹൃത്തടത്തിങ്കൽ… നിറയും
നെയ്തിരിയായ് ഉരുകിടുന്നു
പാപഭാരങ്ങൾ… (ഹൃദയമാമല…)

മഞ്ഞുവീഴും മകരനാളിൽ
നീയുദിച്ചെന്നാൽ… സ്വാമി
ശരണമന്ത്രധ്വനികളാമല
കീഴടക്കുന്നു… (ഹൃദയമാമല…)

പുണ്യമാസക്കാലമെന്നും
പൂവണിഞ്ഞു,മാനസങ്ങൾ
പാടിടുന്നു സ്വാമിഗീതം
ശരണമയ്യപ്പാ… സ്വാമി (ഹൃദയമാമല…)

********** അമൽദേവ്.പി.ഡി ******

ഓര്‍മ്മമാത്രം

മറക്കില്ലൊരിക്കലും മധുരമായ് പാടുന്ന
കാക്കക്കുയിലേ നിന്‍ മൗനഗാനം
മിഴിക്കുമ്പിളില്‍ തട്ടിയുടയുന്ന മാത്രകള്‍
മഴവില്ലിന്‍ ചന്തമോടാനയിപ്പൂ…

നിന്‍ സ്വരം മാത്രമാണെന്നുമെന്നീണമായ്
ഹൃദ്യമായ് ഹൃത്തടം പുല്‍കുന്നു ഞാന്‍
നാളെയൊരിക്കലെന്‍ കൈവിരല്‍ തുമ്പിനാല്‍
നിന്‍ സ്വപ്‌നഗേഹം ഞാന്‍ പണിതുയര്‍ത്താം.

വിടപറയും മുന്‍പേ,യടര്‍ന്നുപോയന്നു നീ
വാടിത്തളര്‍ന്നൊരു കാട്ടുപൂവായ്,
കോടിജന്മങ്ങളായ് കാത്തുകാത്തങ്ങു ഞാന്‍
നിന്‍ സ്വരം തേടിയലഞ്ഞിരുന്നു.

എന്തിനു ദേവതേ നിന്‍ നിഴലെന്നെവി-
ട്ടെന്തിനോ തേങ്ങിപ്പിടഞ്ഞിരുന്നു
എന്നും നിനക്കായ് കാത്തുവക്കും പ്രേമ-
ഗന്ധമായ് ഗാനമായ് നിഴലായി ഞാന്‍…

നീളുന്ന മാത്രകള്‍ നുണയുന്ന മധുവുമായ്
നിരയിട്ടൊരോര്‍മ്മകളെന്നുമെന്നില്‍
ഉറവുപൊട്ടി,ച്ചാലുകീറിയാ കവിളത്ത്
കനമേറുമോര്‍മ്മകളൊഴുകിടുന്നു…

വിധിയുടെ വീഥിയില്‍ ചലനമറ്റന്നു ഞാന്‍
ചിരിയൂര്‍ന്നുവീണൊരു പാവായായി.
മറവിതന്‍ ചിതല്‍കാടു തേടുന്നൊരോര്‍മ്മകള്‍
ചന്ദന,ച്ചിതയിലിന്നുറങ്ങിടുന്നു…
————————————————————-

അമല്‍ദേവ്.പി.ഡി
———————————————-
http://www.facebook.com/amaldevpd